ന്യൂഡല്‍ഹി • രാജ്യത്ത് ജിഎസ്ടി ഏര്‍പ്പെടുത്തുന്നതിന്‍റെ ഫലമായി സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്രം നാലുമാസത്തിലൊരിക്കല്‍ നല്‍കും. എന്നാല്‍ സിഎജിയുടെ ഓഡിറ്റിനു ശേഷമായിരിക്കും വര്‍ഷാവസാനം അന്തിമമായി വരുമാനനഷ്ടം വകവച്ചുകൊടുക്കുക. ഉല്‍പന്ന സേവന നികുതി നഷ്ടം നികത്തല്‍ നിയമത്തിന്റെ കരട് ഇന്നലെ പരസ്യമാക്കിയതില്‍ നിന്നാണ് ഈ വിവരം. സംസ്ഥാനങ്ങള്‍ക്കു വരുമാന നഷ്ടം വകവച്ചുകൊടുക്കാന്‍ വേണ്ട തുക കണ്ടെത്തുന്നതിനു കേന്ദ്രം ‘ഉല്‍പന്ന സേവന നികുതി സെസ്’ ഏര്‍പ്പെടുത്തും. ആഡംബര വസ്തുക്കള്‍ക്കും സിഗരറ്റ് പോലുള്ള ഉല്‍പന്നങ്ങള്‍ക്കുമായിരിക്കും ഈ സെസ് ചുമത്തുകയെന്നും ജിഎസ്ടി നഷ്ടം നികത്തല്‍ നിയമത്തില്‍ പറയുന്നു. നിയമത്തിന്റെ കരട് ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ധനമന്ത്രി അരുണ്‍ ജറ്റ്ലിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ ചര്‍ച്ചചെയ്യും. സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും.