ന്യൂഡല്‍ഹി • പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തില്‍ ചരക്കുസേവന നികുതില്‍ ബില്‍ (ജിഎസ്ടി) അവതരിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിന് വീണ്ടും തിരിച്ചടി. ജിഎസ്ടി ബില്ലിന്‍റെ കരട് തയ്യാറാക്കാന്‍ ചേര്‍ന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ജിഎസ്ടി കൗണ്‍സില്‍ ഈ മാസം 11, 12 തിയതികളില്‍ വീണ്ടും യോഗം ചേരും. സേവന നികുതിയും ഒന്നരകോടി രൂപവരെ വരുമാനമുള്ളവരില്‍ നിന്നുള്ള നികുതിയും പിരിക്കാനുള്ള അവകാശവും അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതെ തുടര്‍ന്നാണ് ജിഎസ്ടി കൗണ്‍സില്‍ തീരുമാനമാകാതെ പിരിഞ്ഞത്. കരട് ബില്ലിലെ പകുതി വ്യവസ്ഥകളില്‍ പോലും തീരുമാനമായില്ലെന്ന് കേരള ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേരളത്തിനു പുറമെ ബിഹാര്‍, തമിഴ്നാട്, ഡല്‍ഹി, ആന്ധ്ര, തെലങ്കാന തുടങ്ങി ഭൂരിഭാഗം എന്‍ഡിഎ ഇതരസംസ്ഥാനങ്ങളും കേന്ദ്ര നിലപാടിനെതിരാണ്. ജിഎസ്ടി കൗണ്‍സിലില്‍ എഴുപത്തഞ്ച് ശതമാനം സംസ്ഥാനങ്ങള്‍ പിന്തുണച്ചാല്‍ മാത്രമെ കരട് ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനാകൂ. കരട് ബില്‍ ചര്‍ച്ചചെയ്യുന്നതിനായി ജിഎസ്ടി കൗണ്‍സില്‍ അടുത്ത ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ വീണ്ടും ചേരും.