തിരുവനന്തപുരം : പാരമ്പര്യ ചരിത്രസ്മാരകമെന്നുള്ള നിലനിൽപ്പ് ലൈബ്രറികളുടെ കാര്യത്തിൽ ശ്രദ്ധേയമാണെന്ന് സംസ്ഥാന പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരന്‍. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയും കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പും പി.ആർ. ഡി യും സംയുക്തമായി സംഘടിപ്പിച്ച ഹെറിറ്റേജ് മോഡൽ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം. തലസ്ഥാനനഗരിയുടെ എംഎൽഎയും ആരോഗ്യമന്ത്രിയും ആയിട്ടുള്ള വി എസ് ശിവകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 1829-ൽ സ്ഥാപിതമായ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി തിരുവനന്തപുരത്തിന്റെ തിലകക്കുറിയായി നിലനിൽക്കുന്നത് നമുക്കേവർക്കും അഭിമാനിക്കാവുന്ന ഒന്നാണ്. സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്താണ് ഇതിന്റെ പ്രവർത്തനങ്ങൾ നടന്നത്. തനതായ സംസ്കാരത്തെയും പൈതൃകത്തെയും നിലനിർത്താൻ ഇതിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2010-ൽ വിഎസ് ഗവൺമെന്റിന്റെ ഒക്ടോബർ പത്താം തീയതിയിലെ ഉത്തരവ് പ്രകാരമാണ് കെട്ടിടത്തിന് ഭരണാനുമതി ലഭിച്ചത്. അഞ്ചുലക്ഷത്തോളം പുസ്തകങ്ങളും മൂന്നുലക്ഷത്തോളം വായനക്കാരും ലൈബ്രറിയുടെ ഭാഗമാണ്. വിഎസ് ഗവൺമെൻറ് മുതൽ നിലവിൽ പിണറായി വിജയൻ ഗവൺമെന്റ് വരെ കഠിനമായി പ്രയത്നിച്ചതിന്റെ ഭാഗമായിട്ടാണ് ഇന്ന് ഇത്തരത്തിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. സാഹിത്യകാരായ വി എൻ മുരളി, ജോർജ്ജ് ഓണക്കൂർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. എം ആർ തമ്പാൻ, തിരുവനന്തപുരം മേയർ അഡ്വ. വി കെ പ്രശാന്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു