കൊച്ചി: എന്‍എസ‌്‌എസ‌് ഇടതുപക്ഷ ആഭിമുഖ്യമുള്ളവരുടെ എണ്ണം കരയോഗാടിസ്ഥാനത്തില്‍ തയ്യാറാക്കി നല്‍കാനാണ‌് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ താലൂക്ക‌് യൂണിയനുകള്‍ക്ക‌് രഹസ്യ സര്‍ക്കുലര്‍വഴി നിര്‍ദേശം നല്‍കിയത‌്. അണികളുടെ രാഷ്ട്രീയം തിരിച്ച‌് കണക്കെടുപ്പ‌് നടത്തുന്നത‌് വിവാദമാകുന്നു.കരയോഗം ഭാരവാഹികളെ ഒഴിവാക്കി വിവരം ശേഖരിച്ച‌് നേതൃത്വത്തെ നേരിട്ട‌് അറിയിക്കാനാണ‌് ആവശ്യപ്പെട്ടത‌്. നായര്‍ സമുദായാംഗങ്ങളുടെ രാഷ‌്ട്രീയംവച്ച‌് യുഡിഎഫ‌്, ബിജെപി നേതൃത്വവുമായി വിലപേശലിനുള്ള തന്ത്രമാണിതിന‌് പിന്നിലെന്ന‌് ആക്ഷേപം ഉയര്‍ന്നു.
കണക്കെടുപ്പ‌് നടത്തുന്നതിനെതിരെ കരയോഗങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. പല താലൂക്ക‌് യൂണിയന്‍ പ്രസിഡന്റുമാരും ഇക്കാര്യം എന്‍എസ‌്‌എസ‌് നേതൃത്വത്തെ അറിയിച്ചതായാണ‌് വിവരം.
എന്‍എസ‌്‌എസിനോടാണോ രാഷ്ട്രീയ പാര്‍ടിയോടാണോ കൂടുതല്‍ കൂറ‌് എന്നാണ‌് പരിശോധന. രാഷ‌്ട്രീയമായി കൂറുപുലര്‍ത്തുന്നവരെ കരയോഗങ്ങളില്‍നിന്ന‌് ഭാവിയില്‍ അകറ്റിനിര്‍ത്തണമെന്നും നിര്‍ദേശമുണ്ട‌്.
പറയുന്നത‌് അതേപടി അനുസരിക്കുന്നവര്‍, സമുദായത്തെയും പാര്‍ടിയെയും ഒരുപോലെ കണക്കിലെടുക്കുന്നവര്‍, സമദൂരം പുലര്‍ത്തുന്നവര്‍, നേതൃത്വത്തെ അംഗീകരിക്കാത്തവര്‍ എന്നിങ്ങനെ തരംതിരിച്ച‌് കണക്കെടുക്കാനാണ‌് നിര്‍ദേശം. കരയോഗാംഗങ്ങളില്‍ ഇടതുപക്ഷ പാര്‍ടികളില്‍ അംഗത്വമോ ഭാരവാഹിത്വമോ ഉള്ളവരുടെ എണ്ണം പ്രത്യേകം അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട‌്.
തെരഞ്ഞെടുപ്പ‌് മുന്നില്‍ക്കണ്ട‌് എന്‍എസ‌്‌എസ‌് നേതൃത്വം കരയോഗാംഗങ്ങളെ രാഷ‌്ട്രീയമായി തരംതിരിക്കുന്നത‌് സമുദായത്തിന്റെ പുരോഗതിക്ക‌് വിഘാതമാണെന്ന‌് നേതൃത്വത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു. കരയോഗാംഗങ്ങളില്‍ പല രാഷ‌്ട്രീയ കക്ഷികളിലുള്‍പ്പെട്ടവരുണ്ട‌്. എന്നാല്‍, കരയോഗം എന്ന നിലയ‌്ക്ക‌് അവരെല്ലാം പരസ‌്പരം സഹകരിക്കുകയാണ‌് രീതി. ഈ ധാരണ രാഷ‌്ട്രീയത്തിന്റെ പേരില്‍ തകര്‍ത്ത‌് മുതലെടുപ്പ‌് നടത്താനാണ‌് നീക്കം.