കൊച്ചി : ലുബാന്‍ കൊടുങ്കാറ്റിന് ശേഷം ശ്രീലങ്കന്‍ പേരില്‍ പുതിയ കൊടുങ്കാറ്റ് സംഹാരം തുടങ്ങി. ബംഗാള്‍ ഉള്‍കടലില്‍ രുപപ്പെട്ട “ഗജ” തമിഴ് നാട്ടില്‍ കനത്ത നാശനഷ്ടവും ആള്‍ നാശവുമുണ്ടാക്കിയിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് നാഗപട്ടണത്തില്‍ നിന്ന് 510 കിലോമീറ്റര്‍ അകലെ എത്തിച്ചേര്‍ന്ന കാറ്റ് വ്യാഴാഴ്ച പകല്‍ കരുത്താര്‍ജിക്കുകയായിരുന്നു. മണിക്കൂറില്‍ 13 കിലോമീറ്റര്‍ വേഗത്തിലായിരുന്ന കാറ്റിന്റെ ശക്തി 25 കിലോമീറ്ററിലെത്തി. വൈകുന്നേരം തീരത്തിന് 135 കിലോമീറ്റര്‍ അടുത്തെത്തിയതോടെ മഴ കനത്തു. വേഗം കുറഞ്ഞും കൂടിയും നിന്നതിന് ശേഷം അര്‍ദ്ധരാത്രിക്കുശേഷം കരയിലേക്ക് വീശുകയായിരുന്നു. ഇതിന്റെ ഫലമായി കേരള-ലക്ഷദ്വീപ് മേഖലയില്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടായിട്ടുണ്ട്. രാത്രി മുതല്‍ കനത്ത മഴ ദ്വീപുകളില്‍ തുടങ്ങി. മല്‍സ്യ ബന്ധനം നടത്തുന്നവര്‍ക്ക് വിലക്കുണ്ട്. നവംബര്‍ 16 വൈകുന്നേരം മുതല്‍ നവംബര്‍ 20 വരെ തെക്ക് കിഴക്കന്‍ അറബിക്കടലിലും കേരള തീരത്തും ലക്ഷദ്വീപ് ഭാഗത്തും കന്യാകുമാരി ഭാഗത്തും ഗള്‍ഫ് ഓഫ് മാന്നാറിലും ഒരുകാരണവശാലും മത്സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറീപ്പ് നൽകിയത്. നടുക്കടലില്‍ കുടുങ്ങിയ കേരളത്തിലെ ബോട്ടുകള്‍ ദ്വീപുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. അഗത്തിയില്‍ സാഹസിക സഞ്ചാരത്തിലായ വിദേശ നൗകക്ക് അഭയം നല്‍കിയിട്ടുണ്ട്. ഇന്ന് നെടുമ്പാശ്ശേരിയില്‍ നിന്ന് അഗത്തി ദ്വീപിലേക്ക് പുറപ്പേടേണ്ട എയര്‍ ഇന്ത്യ വിമാനത്തിന് യാത്രാനുമതി ലഭിച്ചിട്ടില്ല.
ആനയുടെ ശക്തിയുള്ള കാറ്റ് എന്നാണ് ഗജയുടെ ശ്രീലങ്കന്‍ ഭാഷാര്‍ത്ഥം.
ഈ വര്‍ഷം ഉത്തര ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ട കൊടുങ്കാറ്റുകളുടെ പേരുകള്‍ ഇങ്ങനെ:- ഓഖി (ബംഗ്ലാദേശ്), സാഗര്‍ (ഇന്ത്യ), മെകുനു (മാലദ്വീപ്), ദായെ (മ്യാന്‍മാര്‍- ഉത്തര ഇന്ത്യയിലെ ഒഡീഷ ഭാഗത്തായിരുന്നു സംഹാരം), ലുബാന്‍ (ഒമാന്‍), തിത്‍ലി (പാകിസ്ഥാന്‍), ഗാജാ (ശ്രീലങ്ക)
അടുത്ത് വരാന്‍ സാധ്യതയുള്ള കൊടുങ്കാറ്റുകളുടെ പേരുകള്‍:- ഫെതായ് (തായ്‍ലാന്‍ഡ്), ഫാണി (ബംഗ്ലാദേശ്), വായു (ഇന്ത്യ), ഹിക (മാലദ്വീപ്)