ഗാന്ധിജയന്തി – വിപുലമായ പരിപാടികളുമായി ഖാദി ബോർഡ്

57

തിരുവനന്തപുരം : മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജൻമവാർഷികാഘോഷങ്ങളുടെ സമാപന ത്തോടനുബന്ധിച്ച് വിവിധ പരിപാടികളോടെ ഗാന്ധിജയന്തിവാരം ആഘോഷിക്കാൻ ഖാദി ബോർഡ് തീരുമാനിച്ചതായി വൈസ് ചെയർപേഴ്‌സൺ ശോഭനാജോർജ്ജ് അറിയിച്ചു.

ഒക്‌ടോബർ ഒന്ന് മുതൽ 12 വരെ ഖാദിക്ക് 10 ശതമാനം പ്രത്യേക ഗവൺമെന്റ് റിബേറ്റ് അനുവദിച്ചു. അതനുസരിച്ച് ഖാദി വസ്ത്രങ്ങൾക്ക് മൊത്തം 30 ശതമാനം റിബേറ്റ് ലഭിക്കും. കേരള ഖാദി ബോർഡിന്റെ എല്ലാ വില്പനശാലകളിലും ആനുകൂല്യം നൽകും. പ്രത്യേക റിബേറ്റ് വില്പന ഒന്നിന് കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ ഖാദി ബോർഡ് ആരംഭിക്കുന്ന ഖാദി വില്പനശാല ഒന്നിന് രാവിലെ 10.30 ന് റാന്നി എം.എൽ.എ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യും.

ഗാന്ധിജയന്തിദിനമായ ഒക്‌ടോബർ രണ്ടിന് തിരുവനന്തപുരം ഖാദി ബോർഡ് ഓഫീസ് അങ്കണത്തിൽ മഹാത്മ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കും. വ്യവസായ മന്ത്രി ഇ.പി.ജയരാജൻ ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്യും.
കോവിഡ് മഹാമാരിക്കാലത്ത് ഖാദി മാസ്‌ക്ക് ധരിക്കൂ കോവിഡിനെ പ്രതിരോധിക്കൂ എന്ന ഖാദി ബോർഡിന്റെ യത്‌നത്തിന് പൂർണ്ണപിന്തുണയും സഹായ സഹകരണങ്ങളും നൽകിയ കേരള പോലീസിന് ഖാദി ബോർഡിന്റെ മഹാത്മജി പുരസ്‌ക്കാരം 2020 മന്ത്രി സമ്മാനിക്കും. ഖാദി ബോർഡ് തയ്യാറാക്കിയ ഖാദി മുദ്രാഗാനം ഔദ്യോഗികമായി മന്ത്രി പ്രകാശനം ചെയ്യും.

ഏഴിന് സംസ്ഥാനത്തെ ഹൈസ്‌ക്കൂൾ-ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ഗാന്ധിജയന്തി സംസ്ഥാനതല ക്വിസ്സ് മൽസരം ഓൺലൈനായി നടത്തും. പ്രശസ്ത ഗ്രാൻഡ് മാസ്റ്റർ ഡോ.ജി.എസ്സ്.പ്രദീപ് ക്വിസ് പരിപാടി നയിക്കും.

NO COMMENTS