അഞ്ചൽ (കൊല്ലം) : കാറിനു സൈഡ് കൊടുത്തില്ലെന്ന പേരിൽ അമ്മയുടെ മുന്നിൽ വച്ചു യുവാവിനെ മർദിച്ച സംഭവത്തിൽ ഗണേഷ് കുമാർ എംഎൽഎ മാപ്പു പറഞ്ഞു. പത്തനാപുരം താലൂക്ക് യൂണിയൻ ഓഫിസിലാണ് അതിക്രമത്തിനിരയായ അനന്തകൃഷ്ണന്റെയും അമ്മ ഷീനയുടെയും ബന്ധുക്കൾക്കൊപ്പം ഗണേഷും പിള്ളയും ചർച്ച നടത്തിയിരുന്നു. ഗണേഷ്എംഎൽഎ ഒന്നുകിൽ പരസ്യമായി മാപ്പു പറയുക, അല്ലെങ്കിൽ മാപ്പ് എഴുതി നൽകുക ഇതായിരുന്നു അവരുടെ ആവശ്യം. ഗണേഷ്കുമാർ റോഡിൽ വച്ചു കയ്യിൽ കടന്നു പിടിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നായിരുന്നു ഷീനയുടെ മൊഴി. സ്ത്രീകൾക്കു നേരെയുള്ള അതിക്രമത്തിനു എംഎൽഎയ്ക്കെതിരെ വകുപ്പുകൾ ചുമത്തിയേക്കുമെന്ന സൂചനയെത്തുടർന്നാണ് ഒത്തുതീർപ്പിനു ശ്രമം ആരംഭിച്ചത്. മൊഴിയിൽ ഗണേഷിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടെന്ന സൂചനയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചൽ സിഐ ടി.സതികുമാറാണു മൊഴി പകർപ്പ് ഏറ്റുവാങ്ങിയത്.പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റാണ് ബാലകൃഷ്ണപിള്ള, ഷീനയുടെ അകന്ന ബന്ധുവുമാണ്.ഈ സാഹചര്യത്തിലാണ് ഒത്തുതീർപ്പു ചർച്ചയ്ക്കു വഴിയൊരുങ്ങിയത്.