ഗുരുഗ്രാം : ഹരിയാനയിൽ സിബിഎസ്‌ഇ പരീക്ഷയില്‍ റാങ്ക് നേടി രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി. കോച്ചിങ് സെന്ററിലേക്കുള്ള യാത്രയ്ക്കിടെയാണ് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായത്. ബോധരഹിതയായ പെണ്‍കുട്ടിയെ ബസ്റ്റാന്റില്‍ നിന്നാണ് കണ്ടെത്തിയത്. മൂന്നു പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് കൊണ്ടുപോയത്. അടുത്തുള്ള വയലിലേക്ക് കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. ഇവരെ കൂടാതെ അവിടെയുണ്ടായിരുന്ന മറ്റു ചിലരും പീഡിപ്പിച്ചതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.
പരാതി സ്വീകരിക്കാന്‍ സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. മറ്റൊരു പോലീസ് സ്റ്റേഷനിലാണ് ഇവര്‍ പരാതി നല്‍കിയത്. കുറ്റകൃത്യം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിലല്ലാത്തതു കൊണ്ട് സീറോ എഫ്‌ഐആര്‍ ആണ് ഫയല്‍ ചെയ്തതെന്ന് പരാതി സ്വീകരിച്ച സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു. കേസ് കൃത്യം നടന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റും.