ഗണിനിപ്രഭ: സവിശേഷ വിദ്യാലയങ്ങളിലെ അധ്യാപക ശാക്തീകരണം ആരംഭിച്ചു

24

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.) യുടെ നേതൃത്വത്തിൽ സവിശേഷ വിദ്യാലയങ്ങളിലെ അധ്യാപകർക്കുള്ള ഓൺലൈൻ ശാക്തീകരണ പരിപാടി ആരംഭിച്ചു. പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി ശിവൻകുട്ടി പരിശീലനം ഉദ്ഘാടനം ചെയ്തു. എസ്.സി.ആർ.ടി ഡയറക്ടർ ഡോ. ജെ പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിനു റിസർച്ച് ഓഫീസർ അഞ്ജന വി ആർ ചന്ദ്രൻ സ്വാഗതം പറഞ്ഞു.

കാഴ്ച, കേൾവി, ബുദ്ധിപരിമിതികൾ നേരിടുന്ന കുട്ടികൾക്കുള്ള സവിശേഷ വിദ്യാലയങ്ങളിലെ 3000ത്തിൽപരം അധ്യാപകർക്കും സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർക്കുമായി മൂന്നു ദിവസം വീതമുള്ള എട്ടു ബാച്ചുകളിലായാണ് പരിശീലനം. വീഡിയോ എഡിറ്റിംഗ്, ശബ്ദമിശ്രണം, ആനിമേഷൻ, ഗൂഗിൾ ഷീറ്റ്, ക്യു ആർ കോഡ് നിർമാണം എന്നിവയിലാണ് പരിശീലനം.

സങ്കലിത വിദ്യാഭ്യാസ (ഇൻക്ലൂസിവ് എഡ്യൂക്കേഷൻ) ത്തിന്റെ ഭാഗമായി എല്ലാ വിഭാഗത്തിലും പെടുന്ന വിദ്യാർത്ഥികൾക്ക് ഗുണമേ•യുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് സർക്കാർ ലക്ഷ്യം. ആ ലക്ഷ്യം സാധിക്കുന്നതിൽ സവിശേഷ പ്രാധാന്യമുള്ള പദ്ധതിയാണ് ‘ഗണിനിപ്രഭ’ എന്ന് മന്ത്രി പറഞ്ഞു. പേരുപോലെ തന്നെ വ്യത്യസ്തമായതും അതീവ പ്രാധാന്യം ഉള്ളതുമാണ് ‘ഗണിനിപ്രഭ’ സാങ്കേതിക വിദ്യാഭ്യാസ പരിശീലനപദ്ധതി എന്ന് അധ്യക്ഷൻ ഡോ. ജെ പ്രസാദ് പറഞ്ഞു. എസ്.സി.ഇ.ആർ.ടി കേന്ദ്രീകരിച്ചു ആരംഭിച്ച ഓൺലൈൻ പരിശീലന പരിപാടിയുടെ ആദ്യഘട്ടം ജൂലൈ 21നു അവസാനിക്കും.

NO COMMENTS