ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്ന കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഗൗരി കൊല്ലപ്പെട്ട ദിവസം രാത്രി അവരുടെ വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട രണ്ട് യുവാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. വിവിധ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍നിന്നാണ് ഇവരെക്കുറിച്ച് വിവരം ലഭിച്ചതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് ആയിരത്തില്‍ അധികം ആളുകളെ അന്വേഷണ സംഘം ചോദ്യം ചെയ്തു കഴിഞ്ഞു. എന്നാല്‍ കൃത്യത്തിന് പിറകില്‍ പ്രവര്‍ത്തിച്ച വരെ കുറിച്ച് വ്യക്തമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല. ആര്‍എസ്‌എസിന്റെയും ബിജെപിയുടെയും വികലമായ നയങ്ങള്‍ക്ക് എതിരെ തൂലിക പടവാളാക്കിയ മാധ്യമ പ്രവര്‍ത്തകയായിരുന്നു ഗൗരി ലങ്കേഷ്. സെപ്തംബര്‍ അഞ്ചിന് രാത്രി വീടിനു മുന്നില്‍ വെച്ചാണ് അവര്‍ വെടിയേറ്റു മരിച്ചത്.