തിരുവനന്തപുരം : പൊതു തിരഞ്ഞെടുപ്പിനുള്ള പ്രത്യേക സംക്ഷിപ്ത സമ്മതിദായക പട്ടിക പുതുക്കൽ പ്രക്രിയ നവംബർ 16ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതോടെ ആരംഭിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
2021 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂർത്തിയാകുന്ന അർഹർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനും, നിലവിലുള്ള വോട്ടർമാർക്ക് പട്ടികയിലെ വിവരങ്ങളിൽ നിയമാനുസൃത മാറ്റങ്ങൾ വരുത്താനും കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ സാധിക്കും.
കരട് പട്ടികയിലുള്ള അവകാശങ്ങൾ/എതിർപ്പുകൾ എന്നിവ വോട്ടർമാർക്ക് നവംബർ 16 മുതൽ ഡിസംബർ 15 വരെ സമർപ്പിക്കാം. ഇവ തീർപ്പാക്കി 2021 ജനുവരി 15ന് അന്തിമ സമ്മതിദായക പട്ടിക പ്രസിദ്ധീകരിക്കും.
അപേക്ഷകളെല്ലാം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.nvsp.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കാം.
സംസ്ഥാന നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2021 മേയ് മാസത്തിനകം നടക്കുമെന്നതിനാൽ സമ്മതിദായക പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നും, പട്ടികയിലെ വിവരങ്ങൾ ശരിയാണെന്നും പൊതുജനങ്ങൾ പരിശോധിച്ച് ഉറപ്പാക്കണം. നിയമാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടവർ അപേക്ഷ നേരത്തെ സമർപ്പിക്കണം.
അതേസമയം, തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക സംബന്ധിച്ച വിവരങ്ങൾക്കായി ജനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായാണ് ബന്ധപ്പെടേണ്ടതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.