തൊഴില്‍ പരിശീലനം നേടൂ, സ്ഥിരമായി ജോലി ഉറപ്പാക്കാം

33

കാസറഗോഡ് : തൊഴില്‍ ചെയ്യാന്‍ സന്നദ്ധതയുള്ള തൊഴില്‍ രഹിതര്‍ക്കും ശമ്പള വ്യവസ്ഥയില്‍ സുസ്ഥിരമായ തൊഴില്‍ ലഭ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ കുടുംബശ്രീയിലൂടെ സൗജന്യ തൊഴില്‍ പരിശീലനവും നിയമനവും എന്ന പദ്ധതി കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരങ്ങളില്‍ ആരംഭിക്കുന്നു. തൊഴില്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ദേശീയ തലത്തില്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും വിവിധ തൊഴില്‍ മേഖലകളില്‍ നിയമനവും നല്‍കും.

നഗരങ്ങളിലെ ദരിദ്രര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനത്തിലൂടെ സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗം ഒരുക്കുന്നതിനാണ് ദേശീയ നഗര ഉപജീവന മിഷനു കീഴില്‍ പദ്ധതി നടപ്പിലാക്കുന്നത്. തൊഴില്‍ സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ സര്‍ട്ടിഫൈഡ് കോഴ്‌സുകളിലൂടെ തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായ എല്ലാ തൊഴില്‍ രഹിതര്‍ക്കും സൗജന്യ പരിശീലനവും നിയമനവും ലഭിക്കും. പരിശീലനത്തിനു ശേഷം സ്വയം തൊഴില്‍ സംരഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സഹായങ്ങളും നല്‍കും.

വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള എന്‍സിവിടി/എസ്എസ്‌സി സര്‍ട്ടിഫിക്കറ്റും സ്വകാര്യസ്ഥാപനത്തില്‍ ജോലിയും ലഭിക്കും. ട്രെയിനിംഗ് ഫീസ്, സ്റ്റഡി മെറ്റീരിയല്‍സ്, പരീക്ഷ ഫീസ്, താമസം, ഭക്ഷണം, യാത്രാബത്ത എന്നിവ നഗരസഭ വഹിക്കും. എസ് എസ് എല്‍ സി മുതല്‍ യോഗ്യതയുള്ള 18നും 35നും ഇടയില്‍ പ്രായമുള്ള നഗസഭയില്‍ സ്ഥിരതാമസമുള്ള വാര്‍ഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് പദ്ധതി പ്രയോജനപ്പെടുത്താം.

പരിശീലനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ജനുവരി 7, 8, 9 തിയ്യതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ താഴെ പറയുന്ന നമ്പറില്‍ വിളിച്ചോ വാട്‌സഅപ്പിലൂടെ സന്ദേശമയച്ചോ പേര് രജിസ്റ്റര്‍ ചെയ്യണം.

കാസര്‍കോട്: 9446751897, കാഞ്ഞങ്ങാട്: 9447505735, നീലേശ്വരം: 9746260688

NO COMMENTS