30 ദിവസം പിന്നിട്ട് ജി.എച്ച് ക്യൂ ആപ്പ്

91

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ടോക്കണ്‍ സംവിധാനം ഡിജിറ്റലായിട്ട് ഒരു മാസക്കാലം പിന്നിടുന്നു. ഓരോ ഒ.പി വിഭാഗത്തിലും ദിവസേന നല്‍കുന്ന 40 ടോക്കണുകളില്‍ 15 എണ്ണമാണ് തുടക്കത്തില്‍ ജി.എച്ച് ക്യൂ ആപ്പിലൂടെ ലഭ്യമാക്കിയത്. ഒരോ ദിവസേത്തേക്കും ആവശ്യമായ ടോക്കണുകള്‍ ആപ്പിലൂടെ രാവിലെ അഞ്ച് മുതല്‍ ലഭ്യമാകും.

ഗൂഗിള്‍ അക്കൗണ്ടുള്ള ആര്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന രീതിയില്‍ കാസര്‍കോട് എല്‍.ബി.എസ് കോളേജിലെ മിടുക്കന്‍മാരാണ് ആപ്പ് ഡിസൈന്‍ ചെയ്തത്. സൗജന്യമായി രൂപകല്‍പ്പന ചെയ്ത ആപ്പിന്റെ പ്രവര്‍ത്തനം ഒരു മാസക്കാലം പിന്നിടുമ്പോള്‍ കോവിഡ് കാലത്തെ ഒരു മികച്ച മാതൃകയാണ്.

ജില്ലയില്‍ ആദ്യമായി ടോക്കണ്‍ ഡിജിറ്റല്‍ രീതിയിലേക്ക് മാറ്റിയ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഈ സംവിധാനം ഉപയോഗിച്ച് മികച്ച രീതിയില്‍ സാമൂഹിക അകലം ഉറപ്പാക്കാന്‍ കഴിയുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ രാജാറാം പറഞ്ഞു. ടോക്കണ്‍ ബുക്ക് ചെയ്യുന്ന ആളുകള്‍ക്ക് ആറ് മിനുറ്റ് ഇടവിട്ട് ആശുപത്രിയില്‍ എത്തേണ്ടുന്ന രീതിയില്‍ മെസ്സേജ് ലഭിക്കും. തുടക്കമായതിനാല്‍ ടോക്കണ്‍ മാത്രമേ ഈ സംവിധാനത്തിലൂടെ ഒരുക്കിയിരുന്നുള്ളൂ. ആശുപത്രിയില്‍ എത്തുന്ന സമയം പണം അടച്ച് ഒ.പി ടിക്കറ്റ് കൈപ്പറ്റാം.

ടെലിഫോണ്‍ ബുക്കിങ്ങും

സ്മാര്‍ട്ട് ഫോണുകള്‍ കൈകൈര്യം ചെയ്ത് ശീലമില്ലാത്തവര്‍്ക്കായി ടെലിഫോണ്‍ ബുക്കിങ്ങും ആരംഭിച്ചു. വൈകീട്ട് രണ്ടോടെ ടെലിഫോണ്‍ ബുക്കിങ് ആരംഭിക്കും. ഇങ്ങനെ നല്‍കുന്ന ബാക്കി ടോക്കണ്‍ അവസാനിക്കുന്നതുവരെ ടെലിഫോണ്‍ വഴി ടോക്കണ്‍ നല്‍കും. വൈകുന്നേരം ടോക്കണുകള്‍ തീര്‍ന്നില്ലെങ്കില്‍ നേരിട്ട് ആശുപത്രിയിലെത്തുന്നവര്‍ക്ക് അടുത്ത ദിവസം നല്‍കും.

അധിക ദിവസവും വൈകീട്ട് ആറോടെ ടോക്കണ്‍ പൂര്‍ണ്ണമായും കഴിയാറുണ്ട്. ജി.എച്ച് ക്യൂ ആപ്പിലൂടെ നല്‍കുന്ന പതിനഞ്ച് ടോക്കണുകളും ബുക്ക് ചെയ്യപ്പെടാറുണ്ടെന്നും ഇങ്ങനെ ടോക്കണ്‍ കൈപ്പറ്റിയവരെല്ലാം തന്നെ ഡോക്ടറുടെ സേവനത്തിനായി ആശുപത്രിയില്‍ എത്താറുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ കെ രാജാറാം പറഞ്ഞു.

സാമൂഹിക അകലം കൂടുതല്‍ ഉറപ്പാക്കാന്‍ കഴിയുന്ന ടോക്കണ്‍ സംവിധാനം കുറച്ചുകൂടെ ടോക്കണുകള്‍ നല്‍കി പകുതി ടോക്കണ്‍ ആപ്പിലൂടെ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ജനറല്‍ ആശുപത്രി. കാസര്‍കോട് ജി.എച്ചില്‍ നടപ്പിലാക്കി വിജയിച്ച പദ്ധതി ജില്ലയിലാകെ പ്രാവര്‍ത്തികമാക്കാന്‍ ജില്ലാ ഭരണകൂടം പദ്ധതി തയ്യാറാക്കി വരികയാണ്.

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഇനി ഉദ്യം രജിസ്‌ട്രേഷന്‍

പുതുതായി സംരംഭം തുടങ്ങുന്നവരും നിലവില്‍ ഉദ്യോഗ് ആധാര്‍ രജിസ്‌ട്രേഷന്‍ എടുത്തവരും www.udyamregistration.gov.in ല്‍ അപേക്ഷിക്കേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ 04994-255749.

NO COMMENTS