വയനാട് ദുരിതബാധിതർക്ക് കാഴ്ച ഉറപ്പാക്കി കണ്ണടകൾ നൽകും

10

വയനാട് ദുരന്തമേഖലയിൽ നേത്രാരോഗ്യം ഉറപ്പ് വരുത്താനായി ആരോഗ്യ വകുപ്പ് കണ്ണ് പരിശോധന നടത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുവരെ 360 പേരെ പരിശോധിച്ചു. 171 പേർക്ക് കണ്ണടകൾ വേണമെന്ന് കണ്ടെത്തി. അതിൽ 34 പേർക്ക് കണ്ണട നൽകിയിട്ടുണ്ട്. ആവശ്യമായ മുഴുവൻ പേർക്കും ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വിദഗ്ധ ചികിത്സയ്ക്കായി സൂപ്പർ സ്പെഷ്യാലിറ്റി ടെലികൺസൾട്ടേഷൻ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനതല, ജില്ലാതല ഉദ്യോഗസ്ഥർ ചെക്ക് ലിസ്റ്റ് ഉറപ്പാക്കാൻ ക്യാമ്പുകൾ സന്ദർശിച്ചു. മാനസികാരോഗ്യം ഉറപ്പാക്കാനായി വ്യക്തിഗത കൗൺസലിംഗും ഗ്രൂപ്പ് കൗൺസലിംഗും നൽകി വരുന്നു. 97 അംഗ ടീം 15 ക്യാമ്പുകളും വീടുകളും സന്ദർശിച്ചു. 350 പേർക്ക് ഗ്രൂപ്പ് കൗൺസലിംഗും 508 പേർക്ക് സൈക്കോസോഷ്യൽ ഇന്റർവെൻഷനും 53 പേർക്ക് ഫാർമക്കോ തെറാപ്പിയും നൽകി.

ഫീൽഡുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ജെ.എച്ച്.ഐ., ജെ.പി.എച്ച്.എൻ., എം.എൽ.എസ്.പി., ഡി.സി.പി.ഒ., ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസർമാർ എന്നിവരുടെ യോഗം വിളിച്ചു ചേർത്തു. 89 സാമ്പിളുകൾ ഡിഎൻഎ പരിശോധന യ്ക്കായി അയച്ചു. 225 മൃതദേഹങ്ങളും 193 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കിട്ടിയത്. ശരീര ഭാഗങ്ങളുൾപ്പെടെ 414 പോസ്റ്റു മോർട്ടങ്ങൾ നടത്തി.

ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ, ജില്ലാ സർവൈലൻസ് ഓഫീസർ എന്നിവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY