കാസര്‍കോട് : കോവിഡ് വ്യാപനവും മരണവും വര്‍ധിക്കുമ്പോള്‍ റിവേര്‍സ് ക്വാറന്റൈനിലേക്ക് പോകാന്‍ തയ്യാറാവു, പ്ലീസ്. ഇങ്ങനെ പറയുന്നതിന് പിന്നിലെ പേടിപ്പെടുത്തുന്ന വസ്തുതകള്‍ വളരെ ലളിതവും മനോഹരവുമായി അവതരിപ്പിക്കുന്ന 10 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം ‘പ്ലീസ്’ ഇന്നു മുതല്‍ പൊതുജനങ്ങളിലേക്കെത്തും.
കോവിഡ് 19 പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഐ ഇ സി കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും ജില്ലാ ഭരണ സംവിധാനത്തിന്റെയും നേതൃത്വത്തില്‍ തയ്യാറാക്കിയ ഹ്രസ്വ ചിത്രം ‘പ്ലീസ്’ ഇന്ന് (ഒക്ടോബര്‍ 27) രാവിലെ 10.30 ന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ .ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷനാകും. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു, കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷന്‍ വി വി രമേശന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ .എ വി രാംദാസ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ രാമന്‍ സ്വാതിവാമന്‍,ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ .എ ടി മനോജ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ എന്നിവര്‍ സംബന്ധിക്കും.
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം),ദേശീയ ആരോഗ്യ ദൗത്യം എന്നിവരാണ് ഹ്രസ്വചിത്രം നിര്‍മ്മിച്ചത്. പ്രായാധിക്യമുള്ളവര്‍, മറ്റ് രോഗബാധിതര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് നല്‍കേണ്ടുന്ന കരുതലിനെ കുറിച്ച് ഒര്‍മ്മപ്പെടുത്തുന്ന ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്് ജില്ല കൊറോണ കണ്‍ട്രോള്‍ സെല്ലിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി. മഹേഷ് കുമാറാണ്.