പനജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ (63) അന്തരിച്ചു. അര്‍ബുദരോഗത്തിന് ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മരണം സ്ഥിരീകരിച്ചത്. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രി (2000-05, 2012-14, 2017-2019) മനോഹര്‍ പരീക്കര്‍.
മോദി മന്ത്രിസഭയില്‍ മൂന്ന് വര്‍ഷം പ്രതിരോധമന്ത്രിയായിരുന്നു മനോഹര്‍ പരീക്കര്‍, ഐഐടി ബിരുദധാരിയായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രി കൂടിയായിരുന്നു.
മനോഹര്‍ ഗോപാലകൃഷ്ണ പ്രഭു പരീക്കര്‍ എന്ന മനോഹര്‍ പരീക്കര്‍ 1955 ഡിസംബര്‍ 13ന് ഗോവയിലെ സാരസ്വത് ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ അദ്ദേഹം ആര്‍എസ്‌എസില്‍ ആകൃഷ്ടനായി.
സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകും മുമ്ബ് തന്നെ പരീക്കര്‍ ആര്‍എസ്‌എസിന്‍റെ നേതൃനിരയിലേക്ക് ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസവും സംഘബന്ധവും ഒരുപോലെ കൊണ്ടുപോയ മനോഹര്‍ പരീക്കര്‍ പിന്നീട് ബോംബെ ഐഐടിയില്‍ നിന്ന് മെറ്റലര്‍ജിക്കില്‍ എഞ്ചിനിയറിംഗില്‍ ബിരുദം നേടി.
ഉന്നത പഠനത്തിന് ശേഷം പരീക്കര്‍ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി. ആര്‍എസ്‌എസില്‍ നിന്ന് ബിജെപിയിലേക്ക് നിയോഗിക്കപ്പെട്ട പരീക്കര്‍ 1994ല്‍ ഗോവ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഐഐടി പശ്ചാത്തലമുള്ള രാജ്യത്തെ ആദ്യ എംഎല്‍എ ആയിരുന്നു അദ്ദേഹം. 1999ല്‍ അദ്ദേഹം ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉയര്‍ന്നു. 2000 മുതല്‍ 2005 വരെ ഗോവയുടെ മുഖ്യമന്ത്രി. പിന്നീട് ഒരു തവണ പ്രതിപക്ഷ നേതാവായതിന് ശേഷം 2012ല്‍ ഗോവന്‍ മുഖ്യമന്ത്രിയായി പരീക്കറിന് രണ്ടാം ഊഴമെത്തി. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് അപ്രതീക്ഷിതമായാണ് മനോഹര്‍ പരീക്കറെ ബിജെപി ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിയത്.
2014ല്‍ അദ്ദേഹം യുപിയില്‍ നിന്ന് രാജ്യസഭയിലെത്തി. എതിരില്ലാതെയാണ് പരീക്കര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിരോധ മന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ വിശ്വസ്തനായ പരീക്കറെ തന്നെ ദില്ലിയില്‍ വേണമെന്ന നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും നിര്‍ബന്ധബുദ്ധിയാണ് മനോഹര്‍ പരീക്കറുടെ ദേശീയ രാഷ്ട്രീയ പ്രവേശത്തിന് നിയോഗമായത്. തുടക്കത്തില്‍ വിസമ്മതം പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടിയില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മനോഹര്‍ പരീക്കര്‍ പ്രതിരോധ മന്ത്രി സ്ഥാനം ഏറ്റെടുത്തു. തുടര്‍ന്ന് 2017 വരെ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്നു മനോഹര്‍ പരീക്കര്‍.
2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ അര്‍ദ്ധരാത്രിയിലെ അട്ടിമറിക്ക് ശേഷം വീണ്ടും ഗോവയിലേക്ക് ബിജെപിയുടെ ദൗത്യവുമായി പരീക്കര്‍ എത്തി. രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞ ആ രാത്രിക്ക് ശേഷം ഗോവയുടെ മുഖ്യമന്ത്രിയായി മൂന്നാമൂഴം. അവസാന ശ്വാസം വരെ ഗോവയില്‍ ബിജെപിയെ മനോഹര്‍ പരീക്കര്‍ അധികാരത്തിലിരുത്തി. ഗുരുതര രോഗം അലട്ടിയപ്പോഴും അദ്ദേഹം പാര്‍ട്ടിയിലും സര്‍ക്കാര്‍ ചടങ്ങുകളിലും സജീവമായിരുന്നു.
ബിജെപിയുമായി രാഷ്ട്രീയമായി വിയോജിക്കുന്നവര്‍ക്ക് പോലും സ്വീകാര്യനായ നേതാവായിരുന്നു മനോഹര്‍ പരീക്കര്‍.
പരീക്കറുടെ ആരോഗ്യനില മോശമായതോടെ തന്നെ ബിജെപിയില്‍ പുതിയ മുഖ്യമന്ത്രിക്കായി തിരക്കിട്ട ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഭരണം ലക്ഷ്യമിട്ട് കോണ്‍ഗ്രസിലും നീക്കങ്ങള്‍ സജീവമാണ്. മനോഹര്‍ പരീക്കറുടെ നിര്യാണത്തോടെ ഗോവ ഒരു വട്ടം കൂടി നാടകീയ നീക്കങ്ങള്‍ക്ക് വേദിയാകുന്ന രാഷ്ട്രീയപരിസരമാണ് രൂപപ്പെടുന്നത്.