രുചി കൊണ്ടും ഔഷധ ഗുണം കൊണ്ടും എല്ലാ ഭക്ഷണപ്രിയരുടെയും പ്രീതിയുടെ പാത്രമാണ് ആട്ടിറച്ചി കൊണ്ടുള്ള വിഭവങ്ങള്‍. നാവില്‍ വെള്ളമൂറിക്കുന്ന മട്ടന്‍ ബിരിയാണിയുടെയും, മട്ടന്‍ കബാബിന്റെയും, മട്ടന്‍ തന്തൂറിന്റെയും, തനി മലബാര്‍ സ്റ്റൈല്‍ മട്ടന്‍ കറിയുടെയും കൂട്ടത്തില്‍ കൂട്ടാനിതാ പുതിയൊ മട്ടന്‍ രുചി കൂടി…. ഗോവന്‍ മട്ടന്‍ കറി.
ചേരുവകള്‍
മുക്കാല്‍ കിലോ ആട്ടിറച്ചി
കാല്‍ കപ്പ് കട്ട തൈര്
2 കപ്പ് ചൂടുവെള്ളം
2 ടേബിള്‍ സ്പൂണ്‍ തേങ്ങപ്പീര
3 ടേബിള്‍ സ്പൂണ്‍ എണ്ണ
അര ടീസ്പൂണ്‍ കുരുമുളകുപൊടി
അര ടീസ്പൂണ്‍ ഗ്രാമ്പൂ പൊടി
1 ടീസ്പൂണ്‍ കറുവപ്പട്ട പൊടി
1 ടീസ്പൂണ്‍ മുളകുപൊടി
1 ടീസ്പൂണ്‍ മഞ്ഞപ്പൊടി
1 ടീസ്പൂണ്‍ മല്ലിപ്പൊടി
2 ടീസ്പൂണ്‍ വിനാഗിരി
1 ചെറിയ കഷണം ഇഞ്ചി
2 സവാള (വലുത്)
6 അല്ലി വെളുത്തുള്ളി
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കി വച്ചിരിക്കുന്ന ആട്ടിറച്ചി ചെറിയ ചതുര കഷണങ്ങളായി മുറിച്ചെടുക്കുക. മറ്റൊരു കുഴിഞ്ഞ പാത്രത്തില്‍ കട്ട തൈരെടുത്ത് അതില്‍ മഞ്ഞപ്പൊടി ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കുക. ഇതിലേക്ക് ഇറച്ചി കൂടി ചേര്‍ത്ത് നന്നായി യോജിപ്പിച്ച് കുറഞ്ഞത് 4 മണിക്കൂര്‍ മാറ്റി വയ്ക്കുക.
ഒരു പാത്രത്തില്‍ സവാള അരിഞ്ഞെടുക്കുക. വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. അടി കട്ടിയുള്ള ഒരു പാത്രം ചെറുതീയില്‍ വച്ച് എണ്ണയൊഴിച്ച് നേരത്തേ അരിഞ്ഞു മാറ്റിവച്ചിരിക്കുന്നതില്‍ നിന്നും പകുതി ഉള്ളിയെടുത്ത് മൊരിച്ചെടുക്കുക. ഈ ഉള്ളി എണ്ണ വറ്റിച്ച് കോരി മാറ്റി വയ്ക്കുക.
ഉള്ളി കോരി ബാക്കി വന്ന എണ്ണ ഒരു പാനില്‍ ഒഴിച്ച് ബാക്കിയുള്ള ഉള്ളിയും നേരത്തേ ചതച്ചു വച്ചിരിക്കു വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് ഒരു മിനിറ്റ് ഇളക്കുക. ഇതിലേക്ക് മല്ലിപ്പൊടി, കറുവപ്പട്ട പൊടി, ഗ്രാമ്പൂ പൊടി, കുരുമുളകുപൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക.
ഈ മിശ്രിതത്തിലേക്ക് 2 ടേബിള്‍സ്പൂണ്‍ വെള്ളമൊഴിച്ച് ഇളക്കുക. വെള്ളം മുഴുവന്‍ വറ്റിയ ശേഷം തേങ്ങാക്കൊത്ത് ചേര്‍ക്കുക. മറ്റു മിശ്രിതങ്ങളുമായി 2 മിനിറ്റ് നല്ല രീതിയില്‍ ഇളക്കി ചേര്‍ക്കുക. ഇനി തൈരും മഞ്ഞപ്പൊടിയും ചേര്‍ത്ത് നേരത്തേ മാറ്റിവച്ചിരിക്കുന്ന ആട്ടിറച്ചി ഇതിലേക്ക് ചേര്‍ത്ത് അടുപ്പിലെ തീ നന്നായി കൂട്ടുക.
ഇറച്ചിയുടെ നിറം മാറിയതിന് ശേഷം മാത്രം വെള്ളം ചേര്‍ക്കുക. 30 മിനിറ്റു നേരം ചെറുതീയില്‍ അടച്ചുവച്ചു വേവിക്കുക. 30 മിനിറ്റിനു ശേഷം ഇതിലേക്ക് നേരത്തേ മൊരിച്ചെടുത്ത് മാറ്റിവച്ചിരിക്കുന്ന ഉള്ളിയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. കറി തിളയ്ക്കാന്‍ പാകത്തില്‍ തീ വയ്ക്കുക. വീണ്ടും 30 മിനിറ്റ് അടച്ചുവച്ച് വേവിക്കുക.
30 മിനിറ്റിനു ശേഷം വിനാഗിരി ചേര്‍ത്ത് ചൂടോടെ വിളമ്പാം. ചോറിന്റെയും, ഫ്രൈഡ് റൈസിന്റെയും, ചപ്പാത്തിയുടെയും ഒക്കെ കൂടെ കഴിക്കാന്‍ പാകത്തിനുള്ള ഗോവന്‍ മട്ടന്‍ കറി എന്ന ഈ വിഭവം നിങ്ങളുടെ പ്രിയവിഭവങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാവുന്ന ഒരു പുതിയ രുചി ആയിരിക്കും.