1100 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തി ഗോകുലം ഗ്രൂപ്പ്

194

ആയിരത്തി ഒരു നൂറ് കോടി രൂപയുടെ കണക്കിൽപ്പെടാത്ത വരുമാനം ഉള്ളതായി ഗോകുലം ഗ്രൂപ്പ് ആദായ നികുതി വകുപ്പിന് സത്യവാങ്ങ്മൂലം നൽകി. അനധികൃത വരുമാനത്തിന് 330 കോടി രൂപ നികുതിയും, പിഴയും ഗോകുലം ഗ്രൂപ്പ് ഒടുക്കേണ്ടി വരും.
ആദായ നികുതി വകുപ്പ് നടത്തിയ വ്യാപകമായ റെയ്ഡിൽ ഗോകുലം ഗ്രൂപ്പിന്‍റെ ഓഫീസുകളിൽ നിന്ന് വരമാനത്തേയും നിക്ഷേപത്തേയും കുറിച്ചുള്ള നിരവധി രേഖകൾ കണ്ടെടുത്തിരുന്നു. ഇതേ തുടർന്നാണ് ചെന്നൈയിലെ ആദായ നികുതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മുന്പാകെ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ 1100 കോടി രൂപയുടെ കണക്കിൽപ്പെടാത്ത വരുമാനം ഉള്ളതായി കാണിച്ച് സത്യവാങ് മൂലം നൽകിയത്. ചിട്ടിയിൽ നിന്നുള്ള വരുമാനം, റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചു എന്നാണ് വിശദീകരണം. ഇതിന്‍റെ അടിസ്ഥാത്തിൽ നികുതി ഇനത്തിൽ 330 കോടി രൂപയും നികുതി വെട്ടിച്ചതിനുള്ള പിഴയും അടക്കാൻ ഗോകുലം ഗ്രൂപ്പിനോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത്. ഇതിന് പുറമേ ഗോകുലം മെഡിക്കൽ കോളേജിൽ തലവരിയായി 77.28 കോടി രൂപ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതും നികുതി വെട്ടിച്ചാണെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.2011 മുതൽ 2016 വരെയുള്ള വർഷങ്ങളിലാണ് തലവരി വാങ്ങിയതെന്ന് ചുമതലയിൽ ഉള്ള മനോജൻ മൊഴി നൽകിയിട്ടുണ്ട്. 2014ൽ 19.27 കോടി രൂപയും 2016ൽ 18.49 കോടി രൂപയുമാണ് തലവരി വാങ്ങിയത്. ആകെ തലവരി ഇനത്തിൽ വാങ്ങിയ 77.28 കോടി രൂപയുടെ 30 ശതമാനം നികുതി ഒടുക്കേണ്ടി വരും. കേരളത്തിലേയും ചെന്നൈയിലേയും ആദായ നികുതി ഉദ്യോഗസ്ഥർ സംയുക്തമായാണ് റെയ്‍ഡും മറ്റ് നടപടികളും പൂർത്തിയാക്കിയത്.

NO COMMENTS

LEAVE A REPLY