നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ അനധികൃതമായി കടത്തിക്കൊണ്ട് വന്ന 31 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.ഇന്നലെ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ യാത്രക്കാരന്റെ സീറ്റില്‍ നിന്നാണു 1035.350 ഗ്രാം തൂക്കം വരുന്ന ഒന്‍പത് ഗോള്‍ഡ് ബാര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്.ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് 412 വിമാനത്തിന്റെ സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ചു വച്ചാണു സ്വര്‍ണം കടത്തിയത്. സീറ്റിന്റെ അടിയില്‍ മുഴച്ച് നില്‍ക്കുന്നത് ശ്രേദ്ധയില്പ്പെട്ട ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണു 1035.350 ഗ്രാം തൂക്കം വരുന്ന ഒന്‍പത് സ്വര്‍ണകട്ടികള്‍ കണ്ടെത്തിയത്.കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ ബിജു തോമസ്, സൂപ്രണ്ടുമാരായ ജി. അജിത്കൃഷ്ണന്‍, എം. ഷൈരാജ്, വി.ആര്. സുനില്‍കുമാര്‍, ജി.എന്‍.ലക്ഷ്മി നാരായണന്, കെ.പ്രദീപ്, ഇന്‍സ്പെക്ടര്‍മാരായ രാജ് പാല് മീനദേവ് അഷീഷ്, കുമാര്‍ വെയ്ബാവ് വരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണു സ്വര്‍ണം പിടികൂടിയത്.