നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്ത സ്വര്‍ണം ലേലം ചെയ്തപ്പോള്‍ 60 കോടിയോളം രൂപ ലഭിച്ചെന്ന് കസ്റ്റംസ് കമ്മിഷണര്‍ കെ.എന്‍. രാഘവന്‍ പറഞ്ഞു. കസ്റ്റംസ് പിടിക്കുന്ന സ്വര്‍ണം ഒരു വര്‍ഷത്തിനുള്ളില്‍ ലേലം ചെയ്യുകയാണു പതിവ്. എസ്.ബി.ഐയാണു ലേലം നടത്തുന്നത്. 2015 ല്‍ നൂറു കോടിയോളം രൂപയുടെ സ്വര്‍ണം കൊച്ചിയില്‍ പിടികൂടിയിട്ടുണ്ട്. ആഭരണങ്ങളായി സ്വര്‍ണം കടത്തുന്നത് അപൂര്‍വമാണ്. ഇന്നലെ പിടികൂടിയ സ്വര്‍ണാഭരണങ്ങള്‍ കൊച്ചിയുടെ ചരിത്രത്തില്‍ ആദ്യമാണ്. ഭൂരിഭാഗവും സ്വര്‍ണക്കട്ടികളായിട്ടാണു കടത്തുന്നത്. സ്വര്‍ണക്കടത്ത് അടുത്തിടെയായി വളരെ കുറഞ്ഞിട്ടുണ്ട്. ഇറക്കുമതിയും കുറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും റബറിന്‍റെ വിലയിടിവും സ്വര്‍ണം വാങ്ങലിനെ ബാധിച്ചിട്ടുണ്ട്. നാനൂറു കിലോ സ്വര്‍ണം മാത്രമാണ് ഈ വര്‍ഷത്തെ ഇറക്കുമതി. ദീപാവലി സീസണ്‍ പ്രമാണിച്ച് സ്വര്‍ണം കള്ളക്കടത്ത് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു.