കൊച്ചിയിലെ 15 ജ്വല്ലറികള്‍ക്കെതിരെ കസ്റ്റംസ് അന്വേഷണം

192

കൊച്ചി: കൊച്ചിയിലെ 15 ജ്വല്ലറികള്‍ക്കെതിരെ കസ്റ്റംസ് അന്വേഷണം. നോട്ട് നിരോധനം വന്നയുടന്‍ കണക്കില്ലാത്ത സ്വര്‍ണം വില്‍പന നടത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് അന്വേഷണം നടത്തുന്നത്. കൊച്ചിയിലെ ജ്വല്ലറികളില്‍ നടന്ന വില്‍പന സംബന്ധിച്ച്‌ കസ്റ്റംസ് ഇന്നലെ കൊച്ചിയിലെ എല്ലാ ജ്വല്ലറികളിലും പരിശോധന നടത്തിയിരുന്നു. ഇതില്‍ 15 ജ്വല്ലറികളില്‍ അനധികൃത വില്‍പന നടന്നതായി കണ്ടെതിനെ തുടര്‍ന്നാണ് കസ്റ്റംസ് കൂടുതല്‍ അന്വേഷണത്തിലേയ്ക്ക് കടന്നിരിക്കുന്നത്. നോട്ട് നിരോധനം നിലവില്‍ വന്ന എട്ടാം തീയതി രാത്രിയിലും അതിന് തലേദിവസവും വലിയ തോതിലുള്ള സ്വര്‍ണ വില്‍പനയാണ് ഈ ജ്വല്ലറികളില്‍ നടന്നത്. കണക്കില്‍ പെടാത്ത സ്വര്‍ണം വില്‍പന നടത്തിയതായും കള്ളപ്പണ ഇടപാടിന് സ്വര്‍ണവില്‍പന ഉപയോഗപ്പെടുത്തിയതായും കണ്ടെത്തിയിരുന്നു. കോടികളുടെ കള്ളപ്പണം ഇങ്ങനെ സ്വര്‍ണം വാങ്ങാന്‍ ഉപയോഗിച്ചതായാണ് വിവരം. സാധാരണ ദിവസങ്ങളില്‍ മൂന്ന് കിലോ സ്വര്‍ണം വില്‍പന നടത്തിയിരുന്ന ജ്വല്ലറികളില്‍, ഈ ദിവസം 30 കിലോ വരെ സ്വര്‍ണം വില്‍പന നടന്നു. 7,8 തീയതികളിലെ വില്‍പന രജിസ്റ്റര്‍, സിസി ടിവി ദൃശ്യങ്ങള്‍ തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY