ന്യൂഡല്‍ഹി • കേന്ദ്രസര്‍ക്കാരിന്‍റെ അടുത്തലക്ഷ്യം അനധികൃതമായി സ്വര്‍ണം സൂക്ഷിക്കുന്നവരെ ലക്ഷ്യമിട്ടാണെന്ന പ്രചാരണങ്ങള്‍ നിഷേധിച്ച് ധനമന്ത്രാലയം. ബാങ്ക് ലോക്കറുകള്‍ സീല്‍ ചെയ്യുകയും സ്വര്‍ണം, ഡയമണ്ട് തുടങ്ങിയവ കണ്ടുകെട്ടുകയുമാണ് സര്‍ക്കാരിന്‍റെ അടുത്ത നീക്കമെന്നുള്ളത് വെറും കെട്ടുകഥകള്‍ മാത്രമാണ്. ഇവയില്‍ സത്യമില്ല. അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണ് ഇവയെല്ലാം. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഇത്തരത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ധനമന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ട് അര്‍ധ രാത്രി മുതല്‍ വ്യാപകമായി സ്വര്‍ണ വില്‍പ്പണ നടന്നതായി സംശയിക്കുന്ന ജ്വല്ലറികളില്‍ കസ്റ്റംസ് വിഭാഗം പരിശോധന തുടങ്ങിയിരുന്നു. അന്വേഷണം നേരിടുന്ന എല്ലാ ജ്വല്ലറികളോടും ഈ മാസം വില്‍പ്പനയുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ കസ്റ്റംസ്, ആദായനികുതി വകുപ്പ് അധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ 15 ജ്വല്ലറികളിലും ഇതുമായി ബന്ധപ്പെട്ട് പരിശോധനകള്‍ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബാങ്ക് ലോക്കറുകള്‍ ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്‍റെ അടുത്ത നീക്കമെന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പുതുതായി പുറത്തിറക്കിയ 2000 രൂപ നോട്ടുകളില്‍ സുരക്ഷാ പ്രത്യേകതകള്‍ ഉണ്ടെന്നും യഥാര്‍ഥ നോട്ടിനെ ഇതിലൂടെ തിരിച്ചറിയാന്‍ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.