കൊച്ചി: വാങ്ങല്‍ നികുതിയുടെ പേരില്‍ വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്നു സ്വര്‍ണ വ്യാപാരികള്‍. 2014ല്‍ ധനകാര്യ നിയമത്തില്‍ മാറ്റം വരുത്തിയപ്പോള്‍ വാങ്ങല്‍ നികുതി സംബന്ധിച്ചുണ്ടായ പിഴവാണിതിനു കാരണമെന്നാണ് വ്യാപാരികളുടെ ആരോപണം. ഇതു സ്വര്‍ണാഭരണ വ്യാപാരമേഖലയെ മുഴുവന്‍ പ്രതിസന്ധിയിലാക്കുന്നതായും ആക്ഷേപമുണ്ട്. സ്വര്‍ണ വ്യാപാരികള്‍ക്ക് നികുതി സന്പ്രദായം ലളിതമാക്കാനാണ് സംസ്ഥാനത്ത് കോന്പൗണ്ടിങ് രീതി നടപ്പാക്കിയത്. ഇതനുസരിച്ച് നിശ്ചിത തുക മാത്രം അടച്ചാല്‍ മതിയായിരുന്നു. എന്നാല്‍ 2014 ല്‍ ധനകാര്യ നിയമം 8 എഫില്‍ മാറ്റം വരുത്തിയപ്പോഴുണ്ടായ പിഴവും അവ്യക്തതയുമാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു കാരണമെന്നു വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.2014നു മുന്പ് വില്‍പന നികുതിക്കു പുറമെ വാങ്ങല്‍ നികുതിയും ഒടുക്കണമായിരുന്നു. അതേസമയം, കോന്പൗണ്ടിങ് രീതിയില്‍ വാങ്ങല്‍ നികുതി പ്രത്യേകം അടയ്ക്കേണ്ടതില്ല. എന്നാല്‍, ധനകാര്യ നിയമം 8 എഫില്‍ മാറ്റം വരുത്തിയപ്പോള്‍ പിഴവുണ്ടായി. അതോടെ 8 എഫ് വകുപ്പ് 6 (2) വകുപ്പ്പ്രകാരമുള്ള വാങ്ങല്‍ നികുതിക്കു പകരമല്ലെന്നു വാണിജ്യനികുതി വകുപ്പ് നിലപാടെടുത്തു. ഡീലര്‍മാര്‍ 6 (2) പ്രകാരമുള്ള വാങ്ങല്‍ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. നിയമത്തിലെ പിഴവുമൂലം സ്വര്‍ണ വ്യാപാരികളില്‍നിന്നും വന്‍ തുക ആവശ്യപ്പെട്ട് വാണിജ്യനികുതി വകുപ്പ് നോട്ടീസ് അയയ്ക്കുകയാണ്. പഴയ ആഭരണങ്ങളുടെ വാങ്ങലിന്മേലുള്ള നികുതിയടയ്ക്കാനാണ് ആവശ്യപ്പെടുന്നതെന്നു വ്യാപാരികള്‍ പറയുന്നു. 2013ന് മുന്പുള്ള നിയമം നിലനിര്‍ത്തുകയോ പുതിയ നികുതി ചുമത്തുന്നതില്‍ നിന്ന് വാണിജ്യനികുതി ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കുകയോ ചെയ്യണമെന്നാണ് സ്വര്‍ണ വ്യാപാരികളുടെ ആവശ്യം.