മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 887 ഗ്രാം സ്വർണം പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരു യാത്രക്കരനെയും സ്വർണം സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ മറ്റ് രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത സ്വർണത്തിന് ആദ്യന്തര വിപണിയിൽ 63 ലക്ഷത്തിലധികം വില വരും.
ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് മസ്‌കറ്റിൽ നിന്നും വന്ന ഒമാൻ എയർ (ഡബ്ല്യു.വൈ 297) വിമാനത്തിൽ കരിപ്പൂർ വിമാനത്താവ ളത്തിലിറങ്ങിയ നാദാപുരം സ്വദേശി മുഹമ്മദ് (28) നെയാണ് 887 ഗ്രാം സ്വർണവുമായി വിമാനത്താവളത്തിന് പുറത്തു വെച്ച് പോലീസ് പിടിയിലായത്.
സ്വർണം മിശ്രിത രൂപത്തിലാക്കി മൂന്ന് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ഇയാൾ കടത്തിയത്. മുഹമ്മദ് കടത്തികൊണ്ടു വന്ന കടത്ത് സ്വർണം സ്വീകരിക്കാനായി വിമാനത്താവളത്തിന് പുറത്ത് കാത്തിരുന്ന കുറ്റ്യാടി സ്വദേശി കളായ സജീർ (32), അബൂ സാലിഹ് (36) എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റ് രണ്ട് പേർ. ഇവർ സഞ്ചരിച്ച താർ വാഹനവും പ്രതിഫലമായി നൽകാൻ കരുതിയ 70.000 രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കുറ്റ്യാടി സ്വദേശി റംഷാദ് എന്ന ആച്ചിക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്നാണ് അറിവ്. ഇവരെ വിശദമായി ചോദ്യം ചെയ്‌തു വരികയാണ്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും.