നെടുമ്പാശേരി: 58 ലക്ഷം രൂപ വില വരുന്ന സ്വര്‍ണവുമായി രണ്ട് സ്ത്രീകളടക്കം മൂന്ന് യാത്രക്കാരെ കസ്റ്റംസ് പിടികൂടി.കൊച്ചി രാജ്യാന്തര വിമാനത്താവളം വഴിയാണ് ഒന്നേമുക്കാല്‍ കിലോ സ്വർണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മറ്റൊരു എയര്‍ ഏഷ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും എത്തിയ കൊച്ചി സ്വദേശിനിയായ യുവതിയില്‍ നിന്നും 250 ഗ്രാം സ്വര്‍ണം പിടികൂടി. തങ്ക വളകളാക്കി ഇവര്‍ കാലിലും കൈയിലും ധരിച്ച ശേഷം അതിനു മുകളില്‍ വസ്ത്രം ഉപയോഗിച്ച് മറച്ചിരിക്കുകയായിരുന്നു.
എയര്‍ ഏഷ്യ വിമാനത്തില്‍ ക്വലാലംപൂരില്‍ നിന്നും വന്ന കോഴിക്കോട് സ്വദേശിനിയായ സ്ത്രീയില്‍ നിന്നും 750 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. ദുബൈയില്‍ നിന്നും എമിറേറ്റ്സ് വിമാനത്തില്‍ എത്തിയ തൃശൂര്‍ സ്വദേശി 750 ഗ്രാം സ്വര്‍ണമാണ് പാന്റിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ഇയാള്‍ ധരിച്ചിരുന്ന പാന്റില്‍ പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് ബിസ്കറ്റ് രൂപത്തിലുള്ള സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ആദ്യ രണ്ട് കേസുകളും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗവും ഒരു കേസ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗവുമാണ് പിടികൂടിയത്. ഇന്ന് പിടിയിലായ മൂന്ന് പേരും കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി വിസിറ്റിംഗ് വിസയില്‍ വിദേശത്തേക്ക് പോയവരാണ്.