തമിഴ്‌നാട്ടിൽ 50 കോടി രൂപയുടെ സ്വർണ്ണ കവർച്ച

171

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ചത്രം ബസ് സ്റ്റാന്റിന് സമീപത്തെ ലളിത ജ്വല്ലറിയിലാണ്ചുമര്‍ തുരന്ന് 50 കോടി രൂപയുടെ സ്വര്‍ണം മോഷ്ടിച്ചത് നാടിനെ നടുക്കിയ കവര്‍ച്ചയായിരുന്നു .
മുഖംമൂടി ധരിച്ച രണ്ടുപേരാണ് ജ്വല്ലറിയുടെ പിറകുവശത്തെ ചുമര്‍ തുരന്ന് അകത്തുകയറിയത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ബുധനാഴ്ച രാവിലെ ജീവനക്കാര്‍ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിയുന്നത്.

സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമേ കടയിലുണ്ടായിരുന്ന വജ്രങ്ങളും നഷ്ടപ്പെട്ടതായി ജീവനക്കാര്‍ പറഞ്ഞു. മുഖംമൂടി ധരിച്ച മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിവരമറിഞ്ഞ് ഐ.ജി. വി.വരദരാജു അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായും പോലീസ് അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി ജ്വല്ലറിക്ക് സമീപത്തെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച്‌ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും പോലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. 2019 ജനുവരിയിലും മുഖംമൂടിധാരികളായ മോഷ്ടാക്കള്‍ തിരുച്ചിറപ്പള്ളിയിലെ പഞ്ചാബ് നാഷണല്‍ ബാങ്കിലും കവര്‍ച്ച നടത്തിയിരുന്നു. അന്ന് അഞ്ച് ലോക്കറുകളില്‍ നിന്നായി 19 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.

NO COMMENTS