തന്‍റെ സ്വപ്ന സാക്ഷാത്കാരത്തിന്‍റെ തുടക്കമാണ് നേമം ടെര്‍മിനല്ലെന്ന് ഒ.രാജഗോപാല്‍ ; ഒരു വ്യക്തിയുടെ മാത്രം പരിശ്രമഫലമായി ഈ പദ്ധതിയെ കാണാനാകില്ലെന്ന് എ.സമ്പത്ത് എംപി ; നേമം കോച്ച്‌ ടെര്‍മിനലിനെ ചൊല്ലി രാഷ്ട്രീയപ്പോര്.

187

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നേമം കോച്ച്‌ ടെര്‍മിനലിനെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതവരെ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് ശിലാസ്ഥാപനം നിര്‍വ്വഹിച്ച കേന്ദ്രറെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഒരു വ്യക്തിയുടെ മാത്രം പരിശ്രമഫലമായി ഈ പദ്ധതിയെ കാണാനാകില്ലെന്ന് ഇടത് എംപി എ.സമ്ബത്ത് വ്യക്തമാക്കി.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നേമം കോച്ച്‌ ടെര്‍മിനല്‍ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ കുരുക്കഴിക്കാനും കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ഉള്‍ക്കൊള്ളാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.കേന്ദ്ര റെയിവേ മന്ത്രി പിയൂഷ് ഗോയല്‍ ദില്ലിയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്.

നേമം ടെര്‍മിനിലിനായി 7.18 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് നല്‍കണം എന്നാവശ്യപ്പെട്ട് ഒരു വര്‍ഷം മുന്‍പ് റെയില്‍വേ കത്തയച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടപടി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഭൂമിയേറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച്ച പറ്റിയിട്ടുണ്ട്. സ്ഥലമേറ്റെടുക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ സ്വപ്ന സാക്ഷാത്കാരത്തിന്‍റെ തുടക്കമെന്നാണ് ഒ.രാജഗോപാല്‍ എം.എല്‍.എ.നേമം ടെര്‍മിനലിനെ വിശേഷിപ്പിച്ചത്. എന്നാല്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ നീക്കത്തെ ചടങ്ങില്‍ പങ്കെടുത്ത എ.സമ്ബത്ത് എംപി പ്രതിരോധിച്ചു. എല്ലാവരുടേയും ശ്രമഫലമായാണ് നേമം ടെര്‍മിനല്‍ സാധ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ നേമത്ത് റെയില്‍വേയുടെ കയ്യിലുള്ള ഭൂമിയില്‍ ടെര്‍മിനലിന്‍റെ ആദ്യഘട്ടം നിര്‍മ്മാണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തായതില്‍ 12 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തായാക്കാമെന്ന് റെയില്‍വേ അറിയിച്ചു.

നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തുന്ന വണ്ടികള്‍ നിര്‍ത്തിയിടുന്നതും ശുചീകരിക്കുന്നതും അറ്റകുറ്റപ്പണി നടത്തുന്നതുമെല്ലാം അവിടെയാണ്. നേമം ടെര്‍മിനല്‍ വികസിപ്പിച്ചാല്‍ കൊല്ലം ഭാഗത്ത് നിന്നും വരുന്ന തീവണ്ടികള്‍ക്ക് തിരുവനന്തപുരത്ത് യാത്രക്കാരെ ഇറക്കി നേരെ നേമത്തേക്ക് പോകാം. എഞ്ചിന്‍ മാറ്റുന്നതിനും ട്രാക്ക് മാറ്റുന്നതിനുമുള്ള സമയം ഇതുവഴി ലാഭിക്കാം. നിലവില്‍ മുപ്പത് ഏക്കര്‍ ഭൂമിയാണ് നേമത്ത് റെയില്‍വേയുടെ കൈയിലുള്ളത്. ഇരുപത് ഏക്കര്‍ ഭൂമി കൂടി ലഭിച്ചാല്‍ മാത്രമേ നേമം ടെര്‍മിനല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ സാധിക്കൂ.

NO COMMENTS