സംസ്ഥാന ചരക്കു സേവന നികുതി (ജി.എസ്.ടി) വകുപ്പിന്റെ പുനഃസംഘടനയ്ക്കു സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പുതിയ നികുതി നിയമങ്ങൾക്കും ചട്ടങ്ങൾ ക്കും അനുസൃതമായി സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ ഘടനയിലും പ്രവർത്തനത്തിലും കാലോചിതമായ പരിഷ്‌കരണം ഉണ്ടാക്കുന്നതിനായാണു പുനഃസംഘാടനം നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പുനഃസംഘടനയനുസരിച്ച് നികുതിദായക സേവന വിഭാഗം, ഓഡിറ്റ് വിഭാഗം, ഇന്റലിജൻസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം എന്നിങ്ങനെ മൂന്നു പ്രധാന വിഭാഗങ്ങൾ ഇനി വകുപ്പിലുണ്ടാകും. രജിസ്‌ട്രേഷൻ, റിട്ടേൺ സമർപ്പണം ഇതു സംബന്ധിച്ച പരിശോധനകൾ, റീഫണ്ടുകൾ, തർക്ക പരിഹാരമാർഗ്ഗങ്ങൾ എന്നിവ നിർവഹിക്കപ്പെടുന്ന വിഭാഗമാണ് നികുതിദായക സേവന വിഭാഗം. റിട്ടേണുകളുടെ സൂക്ഷ്മപരിശോധനകൾ, ഓഡിറ്റ് തുടങ്ങിയ പതിവ് റവന്യൂ മോണിറ്ററിംഗ് പ്രവർത്തനങ്ങൾക്കായാണ് ഓഡിറ്റ് വിഭാഗം. ഇന്റലിജൻസ്, എൻഫോഴ്‌സ്‌മെന്റ് എന്നിവയ്ക്കായുള്ള ഇന്റലിജൻസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൽ 41 ഇന്റലിജൻസ് യൂണിറ്റുകളും 47 എൻഫോഴ്‌സ്‌മെന്റ് യൂണിറ്റുകളും ഉൾപ്പെടും.
മൂന്ന് വിഭാഗങ്ങൾക്കും, നിലവിലുള്ള മറ്റു വിഭാഗങ്ങൾക്കും പുറമെ, ടാക്‌സ് റിസർച്ച് ആൻഡ് പോളിസി സെൽ, റിവ്യൂ സെൽ, സി ആൻഡ് എ.ജി സെൽ, അഡ്വാൻസ് റൂളിംഗ് സെൽ, പബ്ലിക് റിലേഷൻസ് സെൽ, സെൻട്രൽ രജിസ്‌ട്രേഷൻ യൂണിറ്റ്, ഇന്റർ അഡ്മിനിസ്‌ട്രേഷൻ കോ-ഓർഡിനേഷൻ സെൽ എന്നിവ ആസ്ഥാന ഓഫീസ് കേന്ദ്രീകരിച്ച് പുതുതായി സൃഷ്ടിക്കും.
വകുപ്പിൽ നിലവിലുള്ള ലോ ഓഫീസുകൾ, അപ്പീൽ ഓഫീസുകൾ, ഐ.ടി മാനേജ്‌മെന്റ് സെൽ, ലീഗൽ സെൽ, ട്രെയിനിംഗ് സെൽ, ഇന്റേണൽ ഓഡിറ്റ് & വിജിലൻസ് സെൽ, സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പെർഫോമൻസ് മാനേജ്‌മെന്റ് സെൽ, അഡ്മിനിസ്‌ട്രേഷൻ സെൽ എന്നിവയുടെ ഘടനയിൽ പുതിയ ഘടനയ്ക്കനുസരിച്ച് മാറ്റം വരുത്തിയിട്ടുണ്ട്.
15 നികുതി ജില്ലകളും (എറണാകുളം റവന്യൂ ജില്ലയെ എറണാകുളമെന്നും, ആലുവ എന്നുമുള്ള രണ്ട് നികുതി ജില്ലകളായി തിരിച്ചി രിക്കുന്നു). ഇതിനു കീഴിൽ 31 നികുതിദായക ഡിവിഷനുകളും അവയ്ക്കു താഴെ 94 നികുതിദായക യൂണിറ്റുകളും ഉൾപ്പെടുന്ന നികുതിദായക സേവന വിഭാഗമാകും വകുപ്പിൽ ഉണ്ടാവുക. പിൻകോഡുകൾ സൂചിപ്പിക്കുന്ന വിജ്ഞാപനത്തിലൂടെ ഓരോ നികുതിദായക സേവന യൂണിറ്റുകളുടേയും അധികാര പരിധി നിർണയിക്കപ്പെടും.
റിട്ടേൺ ഫയലിംഗ് ട്രാക്കിംഗ്, പ്രതിമാസ റിട്ടേൺ പരിശോധന എന്നിവയ്ക്കായി ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്‌സ് ഓഫീസർ/ അസിസ്റ്റന്റ് ടാക്‌സ് ഓഫീസർ എന്നിവരെ കൂടി ചുമതലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.നിലവിലുളള എല്ലാ KML, KGST, ലക്ഷ്വറി ടാക്‌സ്, VAT ഇവ സംബന്ധിച്ച മറ്റു നിയമപരമായ കാര്യങ്ങൾ എന്നിവ അതത് നികുതിദായകരുടെ അധികാര പരിധിയിൽ വരുന്ന ബന്ധപ്പെട്ട നികുതിദായക സേവന യൂണിറ്റിൽ നിർവ്വഹിക്കപ്പെടും.
ജി.എസ്.ടി ആക്ട് അനുസരിച്ച് റിസ്‌ക് പ്രൊഫൈലിംഗ് അടിസ്ഥാനമാക്കി തെരഞ്ഞെടുക്കപ്പെടുന്ന നികുതിദായകരുടെ ഓഡിറ്റ് ജോലി നിർവ്വഹിക്കുന്നതിന് ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഏഴ് സോണുകളിലായി 140 ഓഡിറ്റ് ടീമുകളെ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഓഡിറ്റിന്റെ ഏകോപനത്തിനായി ഒരു അഡിഷണൽ കമ്മിഷണറുടെ നേതൃത്വത്തിൽ ഓഡിറ്റ് ആസ്ഥാനം പ്രവർത്തിക്കും.
ഘടനാപരമായി പുനഃസംഘടിപ്പിക്കുന്ന വകുപ്പിന്റെ പുതിയ വിംഗുകളുടെ പ്രവർത്തനങ്ങൾക്കായി ഓഫീസർമാരുടെ ആവശ്യകത പരിഹരിക്കുന്നതിനായി അസിസ്റ്റന്റ് കമ്മിഷണർ/ സ്റ്റേറ്റ് ടാക്‌സ് ഓഫീസർ തസ്തികയെ ഉയർത്തി ഡെപ്യൂട്ടി കമ്മിഷണർ കേഡറിൽ 24 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമയി അസിസ്റ്റന്റ് കമ്മിഷണർ/ സ്റ്റേറ്റ് ടാക്‌സ് ഓഫീസറുടെ നിലവിലെ അംഗബലം അതേപടി നിലനിർത്തുന്നതിന് 24 ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്‌സ് ഓഫീസർ/ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസർ തസ്തികകളെ അപ്‌ഗ്രേഡ് ചെയ്യാനും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസർ തസ്തികയുടെ കേഡർ സ്‌ട്രെങ്ത് 981 ൽ നിന്നും 1361 ആക്കി ഉയർത്താനും തീരുമാനിച്ചു. ഇതിനായി 52 ഹെഡ് ക്ലർക്ക് തസ്തികകളെയും 376 സീനിയർ ക്ലർക്ക് തസ്തികകളേയും അപ്‌ഗ്രേഡ് ചെയ്യാൻ തീരുമാനിച്ചു.
നിലവിലുള്ള തസ്തികയുടെ ശമ്പളത്തിലും അലവൻസിലും/ ശമ്പള സ്‌കെയിലിലും യാതൊരു വ്യത്യാസവുമില്ലാതെ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസർ (എച്ച്.ജി) തസ്തിക ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്‌സ് ഓഫീസർ തസ്തികയായും സീനിയർ ക്ലാർക്ക് തസ്തിക സീനിയർ ടാക്‌സ് അസിസ്റ്റന്റ് തസ്തികയായും ക്ലറിക്കൽ അറ്റൻഡർ തസ്തിക ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയായും സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ് തസ്തിക സെലക്ഷൻ ഗ്രേഡ് കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയായും സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് തസ്തിക സീനിയർ ഗ്രേഡ് കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയായും യു.ഡി. ടൈപ്പിസ്റ്റ് തസ്തിക കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയായും പുനർ നാമകരണം ചെയ്യാനും തീരുമാനിച്ചു.
വകുപ്പിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി സ്ഥാനക്കയറ്റം, റിക്രൂട്ട്‌മെന്റ് മുതലായവയ്ക്കായി കർശനമായ യോഗ്യതകളും വിലയിരുത്തലുകളും ഉൾക്കൊള്ളുന്ന ഒരു തുടർ ശുപാർശ സമർപ്പിക്കാൻ വകുപ്പിനോട് നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ജി.എസ്.ടി നിയമത്തിലെ ചുമതലകൾ നിർവഹിക്കുന്നതിനായി സീനിയർ ക്ലർക്ക് ഉൾപ്പെടെയുള്ള വിവിധ തസ്തികകളെ വിജ്ഞാപനത്തിലൂടെ നോട്ടിഫൈ ചെയ്യുന്നതിന് കമ്മീഷണർക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.