ലൈംഗികാരോപണം ; 48 ജീവനക്കാരെ ഗൂഗിള്‍ പുറത്താക്കി

225

ന്യൂയോര്‍ക്ക്: ഗുരുതരമായ ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് 13 സീനിയര്‍ മാനേജര്‍മാരടക്കം 48 ജീവനക്കാരെ പുറത്താക്കിയതായി ഗൂഗിള്‍. ‘മീ ടൂ’ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗൂഗിളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നടപടികള്‍ ശക്തമാക്കുന്നു എന്ന് അറിയിച്ചുകൊണ്ട് സിഇഒ സുന്ദര്‍ പിച്ചൈ ജീവനക്കാര്‍ക്കയച്ച മെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലൈംഗികാതിക്രമത്തിന്റെ പേരില്‍ ആരോപണ വിധേയരായ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഗൂഗിള്‍ സംരക്ഷിക്കുന്നുവെന്നും കമ്പനിയില്‍ നിന്ന് പുറത്തുപോകാന്‍ വന്‍ തുക വാഗ്ദാനം ചെയ്തുവെന്നും ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സുന്ദര്‍ പിച്ചൈ ജീവനക്കാര്‍ക്ക് കത്തയച്ചത്.
ആര്‍ക്കും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും ലൈംഗികാതിക്രമങ്ങള്‍ പരാതിപ്പെടാന്‍ പുതിയ സംവിധാനങ്ങള്‍ ഗൂഗിള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താതെ തന്നെ ജീവനക്കാര്‍ക്ക് പരാതിയറിക്കാനുള്ള സൗകര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആന്‍ഡ്രോയിഡിന്റെ പിതാവ് ആന്‍ഡി റൂബിനെ ലൈംഗികാരോപണത്തെ തുടര്‍ന്ന് ഗൂഗിള്‍ പുറത്താക്കിയതാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുയാണ്. 2014 ഒക്ടോബറിലായിരുന്നു റൂബിന്‍ ഗൂഗിള്‍ വിട്ടത്. പരാതിക്കാരിയായ യുവതിയുടെ വെളിപ്പെടുത്തല്‍ സത്യമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ലാറി പേജ് റൂബിന്റെ രാജി ആവശ്യപ്പെടുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

NO COMMENTS