നീലഗിരി : 283 ഗ്രാമങ്ങളില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിന് നീലഗിരി ജില്ലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനത്തില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ കലക്‌ട്രേറ്റ് ഉപരോധം. ഊട്ടി, നീലഗിരി ജില്ലയില്‍ 283 ഗ്രാമങ്ങളില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിനും, വീടുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനും ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
തേയില, പച്ചക്കറികള്‍, മറ്റു കാര്‍ഷിക വിളകളുടെ വിലയിടിവുകള്‍ മൂലം ജനം പൊറുതിമുട്ടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.സര്‍ക്കാരിന്റെ നയസമീപനങ്ങള്‍ മൂലം ടൂറിസം മേഖലയും തകര്‍ന്നിരിക്കുന്നു. ഈ സാഹചര്യത്തിലാണ് 283 ഗ്രാമങ്ങളിലെ ലക്ഷക്കണക്കിന് പേരെ ബാധിക്കുന്ന രീതിയിലുള്ള നിരോധന ഉത്തരവ് 20458/9.10.2019 ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്.
മനുഷ്യന്റെ പൗരാവകാശത്തെ നിഷേധിക്കുന്ന ഈ ഉത്തരവ് ഉടനടി പിന്‍വലിക്കണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടിയില്‍ പ്രതിക്ഷേധിച്ച് 13.11.2019 ന് താലൂക്ക് കേന്ദ്രങ്ങളില്‍ ധര്‍ണാ സമരവും,29.11.2019 ന് ഊട്ടി കലക്ടറേറ്റ് മുന്നില്‍ പിക്കറ്റിംഗ് സമരവും നടത്തുവാന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.രവീന്ദ്രന്‍, ആര്‍ ഭദ്രി, ജില്ലാ സെക്രട്ടറി വിഎ ഭാസ്‌കരന്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ എന്‍ വാസു, ഹാള്‍ ദുരൈ, കെ രാജന്‍ എന്നിവര്‍ സംസാരിച്ചു.എംഎ കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി.