തൃശൂർ : കൊടുങ്ങല്ലൂർ ഗവ. താലൂക്ക് ആശുപത്രിക്ക് സംസ്ഥാന ഗവണ്മെന്റിന്റെ കായകൽപം പുരസ്കാരം. ഈ അംഗീകാരം നേടുന്ന സംസ്ഥാനത്തെ മൂന്നാമത്തെയും ജില്ലയിലെ ഒന്നാമത്തെയും താലൂക്ക് ആശുപത്രിയാണിത്. തുടർച്ചയായ രണ്ടാം തവണയാണ് ഈ പുരസ്കാരത്തിന് അർഹത നേടുന്നത്. കഴിഞ്ഞ വർഷത്തെ കായകൽപ്പ പുരസ്കാരവും താലൂക്കാശുപത്രിക്ക് ലഭിച്ചിരുന്നു. മൂന്ന് ലക്ഷം രൂപയാണ് അവാർഡ് തുക. കൂടാതെ സംസ്ഥാന സർക്കാരിന്റെ ആർദ്രം-കേരള പുരസ്കാരം ലഭിക്കുന്ന സംസ്ഥാനത്ത നാലാമത്തെ ആശുപത്രി എന്ന അംഗീകാരത്തിന് കൂടി താലൂക്ക് ആശുപത്രി അർഹത നേടി.പരിസര ശുചിത്വം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ജനസൗഹൃദ പ്രവർത്തനങ്ങൾ, പ്ലാൻ ഫണ്ടിന്റെ കാര്യക്ഷമമായ വിനിയോഗം, തുടങ്ങി വിവിധ ഘടകങ്ങൾ കണക്കിലെടുത്താണ് കായകൽപം അവാർഡ് നിശ്ചയിക്കുന്നത്. ദിനംപ്രതി 1800 രോഗികളാണ് ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ ആസ്പത്രിയിൽ എത്തുന്നത്. ഐ.പി.വിഭാഗത്തിൽ 176 കിടക്കകളാണ് എന്നാൽ ഇരുന്നൂറിലേറെ രോഗികളാണ് ചികിത്സയിലുളളത്. സ്പെഷലൈസ്ഡ് ഡോക്ടർമാരുൾപ്പെടെ 27 ഡോക്ടർമാരുള്ളതിൽ ഒരു സർജന്റെ തസ്തിക മാത്രമാണ് ഇപ്പോൾ ഒഴിഞ്ഞു കിടക്കുന്നത്.
12 കോടി 30 ലക്ഷം രൂപ ചെലവിൽ പണിയുന്ന കെട്ടിടവും 10 കോടി ചിലവിട്ട് നിർമ്മിക്കുന്ന മാതൃ-ശിശു ചികിത്സ കെട്ടിടവും നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഒരു ദിവസം 18 പേർക്ക് സൗജന്യമായി ഡയാലിസിസ് നൽകുന്നു. 17 ലക്ഷം രൂപയാണ് ഇതിനായി നഗരസഭ വകയിരുത്തിയിരിക്കുന്നത്. കാൻസർ ചികിത്സയ്ക്കുള്ള കീമോതെറാപ്പി, മാമോഗ്രാം, ആധുനിക സംവിധാനങ്ങളുള്ള ഫിസിയോ തെറാപ്പി യൂണിറ്റ്, എല്ലാ സജജീകരണ ങ്ങളോടുകൂടിയ ദന്ത രോഗ ചികിത്സാ വിഭാഗം, കാൽമുട്ട് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള എല്ല് ചികിത്സാ വിഭാഗം, നേത്രചികിത്സ, പ്രസവം, ഇഎൻടി., ജനറൽ ചികിത്സ ജീവിത ശൈലിരോഗ ചികിത്സ തുടങ്ങി വിവിധ സ്പെഷലൈസ്ഡ് വിഭാഗങ്ങളുടെ വിദഗ്ദ്ധ ചികിത്സകളും ഇവിടെ ലഭ്യമാണ്.
നവംബർ 11 ന് തിരുവനന്തപുരത്ത് നടക്കുന്ന പുരസ്ക്കാര വിതരണ ചടങ്ങിൽ നഗരസഭ ചെയർമാൻ കെ.ആർ.ജൈത്രനും ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി.റോഷും ചേർന്ന് അവാർഡ് ഏറ്റുവാങ്ങും.