തിരുവനന്തപുരം : തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് പിണറായി വിജയൻ സർക്കാർ നടപ്പിലാക്കുന്നതെന്ന് സഹകരണ – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സർവതല സ്പർശിയായതും തലസ്ഥാനത്തിന്റെ ഭാവി സാധ്യതകളെ കൂടി കണക്കിലെടുത്തു കൊണ്ടുള്ളതുമായ വികസനമാണ് ഇവിടെ നടപ്പാക്കുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയ്ക്കാകെ 1696 കോടിയുടെ പൊതുമരാമത്തു പ്രവൃത്തികളാണ് ഈ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. 42 കോടി രൂപ ടോക്കൺ അഡ്വാൻസും വെച്ചിട്ടുണ്ട്.
100 കോടിയുടെ കാട്ടാക്കട ജംഗ്ഷൻ വികസനമാണ് ബജറ്റ് അംഗീകരിച്ച പ്രധാന പദ്ധതി. 48 പദ്ധതികൾ 10 കോടിയ്ക്കും 50 കോടിയ്ക്കും ഇടയിലാണ്. 969 കോടിയാണ് ആകെ പദ്ധതിച്ചെലവ്. ഈ വർഷത്തെ ബജറ്റ് വിഹിതമാണിത്. മുൻവർഷങ്ങളിലേതു കൂടി കണക്കിലെടുക്കുമ്പോൾ തുക ഇനിയും എത്രയോ ഉയരും.
വിഴിഞ്ഞം തുറമുഖത്തിന് 350 കോടിയാണ് ഈ ബജറ്റിൽ നീക്കിവെച്ചിട്ടുള്ളത്. മരാമത്തു പണികൾക്കു പുറമെ ബജറ്റിൽ പ്രഖ്യാപിച്ച മറ്റു പദ്ധതികളുണ്ട്. ഉദാഹരണത്തിന് ട്രാവൻകൂർ ടൈറ്റാനിയത്തിന് 21.5 കോടി രൂപ ബജറ്റിലുണ്ട്.
കേരള ഓട്ടോമൊബൈൽസിന് 13.6 കോടി, തിരുവനന്തപുരം സ്പിന്നിംഗ് മില്ലിന് 6 കോടി, ഹാൻഡി ക്രാഫ്റ്റ്‌സ് ഡെവലപ്പ്‌മെന്റ് കോർപറേഷന് 5 കോടി എന്നിങ്ങനെ വ്യവസായമേഖലയിൽ വകയിരുത്തലുണ്ട്. കൈത്തറി മേഖലയ്ക്ക് പ്രഖ്യാപിച്ച 153 കോടിയിൽ പകുതിയോളം തിരുവനന്തപുരത്തിന് അവകാശപ്പെട്ടതാണ്. തീരദേശ പാക്കേജിൽ 1000 കോടി രൂപയുണ്ട്. തിരുവനന്തപുരം ജില്ലയ്ക്ക് ഇതിൽ അർഹമായ വിഹിതം ലഭിക്കും. വെസ്റ്റ് കോസ്റ്റ് കനാൽ, തീരദേശ മലയോര ഹൈവേകൾ എന്നീ പദ്ധതികളിലും തിരുവനന്തപുരം ജില്ലയ്ക്ക് നല്ല പ്രാതിനിധ്യമുണ്ട്.
കിഫ്ബിയിലൂടെ തലസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നത്. തിരുവനന്തപുരം ജില്ലയിൽ മാത്രമായി നടപ്പിലാക്കുന്നത് 96 പദ്ധതികൾ ആണ്. ഇതിനായി 3008.20 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ എടുത്ത് പറയേണ്ടത് പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന വികസനങ്ങളാണ്. 24 റോഡുകൾക്കായി 1,133.63 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. അഞ്ചുപാലങ്ങൾക്കായി 65 കോടി രൂപയും ഉള്ളൂർ, പട്ടം, ശ്രീകാര്യം ഉൾപ്പെടെ നാല് ഫ്ളൈ ഓവറുകൾക്കായി 316 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാന പദ്ധതികളിൽ ഒന്നായ മലയോര ഹൈവേ നിർമാണത്തിനായി 209 കോടി രൂപയാണ് തിരുവനന്തപുരത്തിന് മാത്രം അനുവദിച്ചിട്ടുള്ളത്. കുടിവെള്ള പദ്ധതികൾക്കായി 544 കോടിയും ആശുപത്രി വികസനങ്ങൾക്കായി 141 കോടിയും ടെക്നോസിറ്റി ഐടി പാർക്കിനായി 100 കോടിയും അനുവദി ച്ചിട്ടുണ്ട്. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിനായി 122 കോടി രൂപയുടെ പദ്ധതി ആണ് നടപ്പിലാക്കുന്നത്.
പിണറായി വിജയൻ സർക്കാരിന് കീഴിലെ ഏറ്റവും പ്രധാന നേട്ടം ഐടി മേഖലയിലുണ്ടായ കുതിച്ചു ചാട്ടമാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐടി സ്ഥാപനങ്ങളിൽ ഒന്നായ ഇൻഫോസിസ് പി•ാറിയ 2016 ന് മുമ്പുള്ള കഥയല്ല ഇന്ന് തിരുവനന്തപുരത്തിന് പറയാനുള്ളത്. സർക്കാരിന്റെ മാതൃകാപരമായ ഇടപെടലുകളിലൂടെ വിദേശ നിക്ഷേപം ഉൾപ്പെടെ ഇന്ന് ടെക്നോപാർക്കിലേക്ക് ഒഴുകുകയാണ്. ജാപ്പനീസ് കമ്പനിയായ നിസാൻ മോട്ടോർ കമ്പനിയുടെ ആദ്യ ഗ്ലോബൽ ഡിജിറ്റൽ ഹബ് തലസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചു 800 പേർക്ക് ജോലി കൊടുത്തിട്ടുണ്ട്. ഇത് വരും വർഷങ്ങളിൽ 1500 തൊഴിലാളികളായി ഉയരും.
ഡിജിറ്റൽ ഹബ്ബ് ആരംഭിക്കാൻ കേരള സർക്കാർ മികച്ച പിന്തുണയാണ് നൽകിയതെന്ന് നിസാൻ മോട്ടോർ കോർപ്പറേഷൻ വൈസ് പ്രസിഡന്റ് മിനോരു നൗർമറൂ പറഞ്ഞിരുന്നു. ഇവരുടെ ഇലെക്ട്രിക്കൽ വാഹനങ്ങളുടെ സിരാകേന്ദ്രം ടെക്നോസിറ്റിയിലെ 30 ഏക്കർ ഭൂമിയിൽ സ്ഥാപിക്കുന്നതിനു ധാരണയായിട്ടുണ്ട്. നിസാന് പിന്നാലെ പ്രമുഖ ഐടി കമ്പനികളായ എച്ച്.ആർ ബ്ലോക്ക്, ടെക് മഹീന്ദ്ര, ടെറാനെറ്റ് എന്നിവയും ടെക്നോപാർക്കിൽ പ്രവർത്തനം ആരംഭിച്ചു.
എച്ച്.ആർ ബ്ലോക്ക് 40000 ചതുരശ്ര അടി ഓഫീസ് സ്പെയ്സിലായി 800 പേർക്കും ടെക് മഹീന്ദ്ര 12000 ചതുരശ്ര അടി ഓഫീസ് സ്പെയ്സിലായി 150 പേർക്കും ടെറാനെറ്റ് 9000 ചതുരശ്ര അടി ഓഫീസ് സ്പെയ്സിലായി 500 പേർക്കും തൊഴിൽ നൽകുന്നു. കൂടാതെ ടോറസ് ഇൻവെസ്റ്റ്‌മെന്റിന്റെ 27ലക്ഷം ചതുരശ്രയടി ഓഫീസ് സ്പെയ്സ് 2021ഓട് കൂടി യാഥാർത്ഥ്യമാകും. 2024-നു മുമ്പ് 57 ലക്ഷം ചതുര്രശയടി സമുച്ചയം പൂർത്തിയാകും.
സ്പേസ് ആന്റ് എയ്റോ സെന്റർ ഓഫ് എക്‌സലൻസിൽ വിഎസ്എസ്സിയുടെ നാനോ സ്പേസ് പാർക്ക് ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്. എയ്റോ സ്പേസിന് ആവശ്യമായ ഇലക്ട്രോണിക് കമ്പോണന്റുകളാണ് ഇവിടെ ഉത്പാദിപ്പിക്കുക. വിഎസ്എസ്സി അബ്ദുൽ കലാം നോളഡ്ജ് സെന്റർ പൂർത്തിയായിട്ടുണ്ട്. 2 ലക്ഷം ചതുരശ്രയടി കെട്ടിടത്തിനായി ബ്രിഗേഡ് എന്റർപ്രൈസസ് മുന്നോട്ട് വന്നിട്ടുണ്ട്. ഫ്യുജിറ്റ്സു, ഹിറ്റാച്ചി നിസാനുമായി യോജിച്ച് പ്രവർത്തനമാരംഭിച്ചു. എയർബസ് കമ്പനിയുമായി കേരള സർക്കാർ കരാറുണ്ടാക്കി. ഇതുപ്രകാരം ഇങ്കുബേറ്റർ ആൾട്ടയർ എന്ന കമ്പനി ഓഗ്മെന്റഡ് റിയാലിറ്റിയിൽ പരിശീലനം നൽകി തുടങ്ങി.
വേ വോട്ട് കോം ആറായിരം ചതുരശ്ര അടിയിൽ 100 പേർക്ക് ഇതിനകം ജോലി നൽകി. ബൈജൂസും തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ച് കഴിഞ്ഞു. ലാപ്‌ടോപ്പ് നിർമ്മിക്കുന്നതിനുള്ള സംയുക്ത സംരംഭമായ കൊക്കോണിക്‌സ് പ്രവർത്തനമാരംഭിച്ചു. 100 പേർക്കാണ് ഇതിലൂടെ ജോലി ലഭിച്ചത്. മാർച്ചിൽ പൂർത്തിയാകുന്ന ടെക്നോസിറ്റിയുടെ രണ്ട് ലക്ഷം ചതുരശ്രയടി സ്ഥലം മുഴുവനും വിവിധ കമ്പനികൾ ബുക്ക് ചെയ്ത് കഴിഞ്ഞു. രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ആയി മാറുന്ന ഐഐഐടിഎംകെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ കാമ്പസ് നിർമാണവും പൂർത്തിയായി.
കേരളത്തിലെ ആദ്യത്തെയും രാജ്യത്തെ രണ്ടാമത്തെയും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ (ഐഎവി) പ്രവർത്തനം ഈ വർഷം ജൂണിൽ ആരംഭിക്കും. ലബോറട്ടറി കളിലേക്കുള്ള യന്ത്രങ്ങളും ഉപകരണങ്ങളും സ്ഥാപിക്കലും ശാസ്ത്രജ്ഞരുടെ നിയമനവും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പൂർത്തിയാകും. രണ്ടു ഘട്ടമായാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം വിഭാവനം ചെയ്തിട്ടുള്ളത്. ആദ്യഘട്ട പ്രവർത്തനമാണ് ജൂണിൽ ആരംഭിക്കുന്നത്. ഇതിനുവേണ്ടി 25,000 ചതുരശ്ര അടിയുള്ള പ്രീഫാബ്രിക്കേഷൻ കെട്ടിടം സജ്ജമാണ്.
സംസ്ഥാന കായികവകുപ്പിന് കീഴിൽ ലോകനിലവാരമുള്ള ഷൂട്ടിംഗ് അക്കാദമി വട്ടിയൂർക്കാവിൽ ആരംഭിച്ചു. ഫിറ്റ്‌നസ് സെന്ററുകൾ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, പിരപ്പൻകോട് സ്വിമ്മിങ്പൂൾ, വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ച്, ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം എന്നിവിടങ്ങളിൽ ആരംഭിച്ചു.
സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടിയിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ വികസനത്തിനായി 717.29 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ ആണ് നടപ്പിലാക്കുന്നത്. ഇതിന്റെ ഒന്നാം ഘട്ടമായ 58.37 കോടി രൂപയുടെ വികസനം ഉടൻ പൂർത്തിയാകുന്നതാണ്. കഴക്കൂട്ടം അടൂർ സേഫ് കോറിഡോർ 146 കോടിയുടെ പദ്ധതി അവസാന ഘട്ടത്തിലാണ്. ഹരിത ഇന്ധനങ്ങളായ എൽഎൻജി, സിഎൻജി തുടങ്ങിയവ തിരുവനന്തപുരത്തും വിതരണം ചെയ്യുന്നതിനായി ആനയറയിൽ 1.78 ഏക്കർ ഐഒസിക്ക് 30 വർഷത്തേക്ക് പാട്ടത്തിനു കൈമാറി കഴിഞ്ഞു. ഈഞ്ചക്കലിൽ ബയോ ഡൈവേർസിറ്റി മ്യൂസിയം ആരംഭിച്ചു.
ആധുനികവത്കരണത്തിന്റെ അഭാവം മൂലം അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന കേരള ഓട്ടോമോബൈൽസ് ലിമിറ്റഡ് കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്കൽ ഓട്ടോ ആയ നീംജി ഓട്ടോ വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കാൻ ആരംഭിച്ചു. പൂട്ടിപ്പോയ മാമത്തെ നാളികേര ഫാക്ടറിയും ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറിയും തുറന്നു പ്രവർത്തനമാരംഭിച്ചു. നീംജി ഓട്ടോയുടെ ആദ്യ 5 വർഷത്തെ നികുതി പൂർണമായും ഒഴിവാക്കി. തിരുവനന്തപുരം എയർപോർട്ട് റോഡ് വികസനത്തിന് 13 കോടി രൂപ പദ്ധതി നടപ്പിലാക്കി വരുന്നു.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ കാണാത്ത വികസന പ്രവർത്തനങ്ങളാണ് ടൂറിസം മേഖലയിൽ തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കി വരുന്നത്. ജില്ലയിൽ 450ലേറെ കോടി രൂപയുടെ പദ്ധതികളാണ് സർക്കാർ അനുമതി നൽകി നടപ്പിലാക്കുന്നത്. കോവളം, ശംഖുംമുഖം, വേളി, ആക്കുളം, വർക്കല, കാപ്പിൽ പദ്ധതികൾക്കായി മാത്രം 317 കോടി രൂപയാണ് അനുവദിച്ച് പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നത്.
സർക്കാരിന്റെ ഏറ്റവും പ്രധാന പദ്ധതികളിൽ ഒന്നാണ് കോവളം-ബേക്കൽ ദേശീയ ജലപാത. ഈ പദ്ധതിയുടെ ഒന്നാം ഘട്ടം കോവളം മുതൽ വർക്കല വരെയുള്ള ശുചീകരണം അവസാന ഘട്ടത്തിലാണ്. ആകെ 36.5 കോടി രൂപയിൽ 30 കിമീ ഭാഗവും ഗതാഗതത്തിനു സജ്ജമായിട്ടുണ്ട്. ദേശീയ ജലപാത യാഥാർത്ഥ്യമാകുന്നതോടെ വ്യവസായ-ടൂറിസം മേഖലകളിൽ ഏറെ നേട്ടമുണ്ടാക്കും.
മറ്റൊരു വലിയ പദ്ധതിയായ സെമി ഹൈസ്പീഡ് റെയിൽവേയുടെ തുടക്കം കൊച്ചുവേളിയിൽ നിന്നാണ്. ആറ്റിങ്ങലും വർക്കലയും ഫീഡർ സ്റ്റേഷൻ ആണ്. ഇത് യഥാർത്ഥ്യം ആകുന്നതോടെ കേരളത്തിന്റെ എല്ലാ ഭാഗത്ത് നിന്നും കുറഞ്ഞ ചെലവിൽ വളരെ വേഗത്തിൽ തലസ്ഥാനത്തേക്ക് എത്തിച്ചേരുവാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.