ദില്ലി: നടിയ അക്രമിച്ചകേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിന് കൈമറരുതെന്ന് സര്‍ക്കാര്‍. മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖയാണെന്ന് സര്‍ക്കാര്‍ സുപ്രീകോടതിയില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറാണ് ഹാജരായത്. കാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നും നടിയുടെ സ്വകാര്യത സംരക്ഷിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.ദൃശ്യങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കുന്നത് തുടരുകയാണ്. ദൃശ്യങ്ങള്‍ കൈമാറുന്നതിനെതിരെ നടിയും കോടതിയെ സമീപിച്ചിരുന്നു.
ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് നടിയുടെ അഭിഭാഷകന്‍ വാദിച്ചു. നീതിപൂര്‍വമായ വിചാരണ ദിലീപിന്റെ അവകാശമാണ്. എന്നാല്‍ തന്റെ സ്വകാര്യതയും കോടതി കണക്കിലെടുക്കണമെന്നാണ് നടിയുടെ വാദം.കേസിന്റെ ഭാഗമായ രേഖകള്‍ പ്രതിക്ക് കൈമാറണമെന്നാണ് വ്യവസ്ഥയെങ്കിലും ഈ കേസിലെ പ്രത്യേക സാഹചര്യം കണക്കിലെടുക്കണമെന്ന് നടിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ബസന്ത് ചൂണ്ടിക്കാട്ടി. ദൃശ്യങ്ങള്‍ ദിലീപിന് കൈമാറാന്‍ അനുവദിച്ചാല്‍ മറ്റ് കേസുകളെ വിധി സ്വാധിനിക്കുമെന്നും അദ്ദേഹം സുപ്രീംകോടതിയില്‍ പറഞ്ഞു.
അതേസമയം പ്രതിക്ക് നിരപരാധിത്വം തെളിയിക്കണമെന്നുണ്ടെങ്കില്‍ ഒരു കേസിന്റെ രേഖ ലഭിക്കേണ്ടത് അനിവാര്യമല്ലെയെന്ന് ജസ്റ്റിസ് ഖാന്‍വിക്കര്‍ നടിയുടെ അഭിഭാഷകനായ ബസന്തിനോട് വാദത്തിനിടെ ചോദിച്ചിരുന്നു. രേഖ കൈമാറരുതെന്ന് എങ്ങിനെ പറയാന്‍ സാധിക്കുമെന്നും കോടതി ചോദിച്ചു.