ആലപ്പുഴ: ജലസംരക്ഷണ പദ്ധതികളില്‍ രാജ്യത്തിനു തന്നെ മാതൃകയായ കുട്ടമ്പേരൂര്‍ ആറിന്റെ നവീകരണത്തിലൂടെ ബുധനൂര്‍ പഞ്ചായത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. വികസന ഇടപെടലുകള്‍ക്കുള്ള മുഖ്യമന്ത്രിയുടെ അവാ ര്‍ഡ് പഞ്ചായത്ത് അധികൃതര്‍ മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. ബുധനൂര്‍, ചെന്നിത്തല, പാണ്ടനാട് പഞ്ചാ യത്തുകളെ കാര്‍ഷിക സമൃദ്ധിയിലാക്കിയിരുന്ന കുട്ടമ്പേരൂര്‍ ആറ് ഒരുകാലത്ത് ജലഗതാഗതത്തിന്റെ പ്രധാന പാത യായിരുന്നു. അമ്പത് മീറ്ററോളം വീതിയില്‍ ഒഴുകിയിരുന്ന നദി കാലക്രമേണ ഇല്ലാതാവുകയായിരുന്നു.
പായലും പോളയും കടപുഴകിയ വൃക്ഷങ്ങളും കൈതച്ചെടികളും അടിയുന്നതിന് പുറമേ മാലിന്യങ്ങളും പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളുടെയും നിക്ഷേപ ഭൂമിയായതോടെ പുഴ വിഷ ജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറി. നീര്‍തടങ്ങളും പച്ചപ്പുകളും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിക്കൊപ്പം ബുധനൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും രംഗത്ത് വന്നതോടെയാണ് പുഴയ്ക്ക് ശാപമോക്ഷം ലഭിച്ചത്.
മന്ത്രിമാരായ ജി. സുധാകരന്‍, ഡോ. ടി.എം. തോമസ് ഐസക് എന്നിവരുടെ പിന്തുണയും പ്രോത്സാഹനവും പദ്ധതിക്ക് ലഭിച്ചതോടെ പുതിയൊരു കാല്‍വയ്പ്പായി മാറുകയായിരുന്നു പദ്ധതി. പുഴയുടെ പുനര്‍ജന്മം തൊഴിലുറപ്പ് പദ്ധതിയുടെ വിജയഗാഥ കൂടിയാണ്.
പുഴയ്ക്ക് പുനര്‍ജന്മം നല്‍കാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിശ്വംഭര പണിക്കരുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതി മുന്നോട്ട് വന്നതോടെ രാഷ്ട്രീയകക്ഷിഭേദമന്യേ എല്ലാവരും പിന്തുണയുമായെത്തി. പതിനാല് ഗ്രൂപ്പുകളിലായി 700 കുടുംബശ്രീ പ്രവര്‍ത്തകരുടെ മൂവായിരം ദിവസത്തെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് പുഴയെ പൂര്‍വ്വസ്ഥിതിയിലെത്തിച്ചത്. വിഷജന്തുക്കളുടെ ആക്രമണവും ദുര്‍ഗ്ഗന്ധവും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടപ്പോഴും പഞ്ചായത്ത് ഭരണസമിതിയും ആരോഗ്യ പ്രവര്‍ത്തകരും ഇവര്‍ക്ക് ശക്തി പകര്‍ന്നു.
നാല്‍പ്പത് ദിവസം കൊണ്ടു തന്നെ പായലും പോളയും ചെറുമരങ്ങളും മാലിന്യങ്ങളും മാറ്റിയതോടെ പമ്പയില്‍ നിന്നും അച്ചന്‍കോവിലാറ്റിലേക്കും തിരിച്ചും ശുദ്ധജലം ഒഴുകിത്തുടങ്ങി. നദിയ്ക്ക് ചുറ്റുമുള്ള അഞ്ച് കിലോമീറ്റര്‍ സ്ഥലത്തെ ജലശ്രോതസുകളിലെ മലിനജലം ഇതോടെ ശുദ്ധജലമായി. കുടിവെള്ളത്തിനൊഴികെയുള്ള ആവശ്യങ്ങള്‍ക്ക് പ്രദേശവാസികളിപ്പോള്‍ പുഴയെ ആശ്രയിക്കുന്നു. മത്സ്യതൊഴിലാളികള്‍ക്കും ഇപ്പോള്‍ ഇതൊരു ഉപജീവനമാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ കയര്‍ ഭുവസ്ത്രം വിരിച്ച് ആറിന്റെ വശങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കി.
നദിയില്‍ നിന്നും എടുത്ത മണ്ണുപയോഗിച്ച് ഇരുവശങ്ങളിലും ഔഷധ സസ്യങ്ങള്‍ നട്ട് ജൈവ ഉദ്യാനമാക്കി. മുഖ്യ മന്ത്രിയുടെ പ്രത്യേക അവാര്‍ഡായ കേരള സ്റ്റേറ്റ് അവാര്‍ഡ് ഫോര്‍ ഇന്നവേഷന്‍സ് ഇന്‍ പബ്ലിക് സര്‍വീസില്‍ ഡവ ലപ്മെന്റ് ഇന്റര്‍വെന്‍ഷന്‍ വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചതിനാണ് പഞ്ചായത്തിനെ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആദരിച്ചത്. മൂന്നു മാസത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായാണ് നിര്‍ജ്ജീവമായിരുന്ന പുഴയെ ജനകീയ പങ്കാളിത്തത്തോടെ പുനര്‍ജ്ജീവിപ്പിക്കാന്‍ സാധിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.വിശ്വംഭരപ്പണിക്കര്‍ പറഞ്ഞു.