കൊച്ചി• സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കു പിന്നില്‍ മുംബൈയിലെ പന്‍വേല്‍ ആസ്ഥാനമായ മലയാളികള്‍ ഉള്‍പ്പെട്ട മാഫിയയെന്ന് അഡ്വ. ബി.എ.ആളൂരിന്റെ വെളിപ്പെടുത്തല്‍. വക്കാലത്ത് ഏല്‍പിച്ചതു മുതല്‍ ഇവരുടെ സഹായമുണ്ട്. കേസ് അവസാനംവരെ നടത്തണമെന്ന് തന്നോട് അഭ്യര്‍ഥിച്ചിരുന്നു. ഇവരാണ് തനിക്ക് പ്രതിഫലം നല്‍കിയതെന്നും കേസില്‍ ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാവുന്ന ബി.എ.ആളൂര്‍ മനോരമ ന്യൂസിനോടു പറഞ്ഞു.
അലിബാഗ്, പനവേല്‍, ബോംബെ ഭാഗങ്ങളില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരാണ് ഇവര്‍. തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് അധികവും. മക്കോക്ക, മാനഭംഗം, കവര്‍ച്ച തുടങ്ങി ഇവരുടെ വിവിധ കേസുകളില്‍ ഇടപെട്ടിട്ടുണ്ട്.തന്റെയൊരു സുഹൃത്തുവഴിയാണ് പരിചയം. ഈ സംഘത്തിലുള്ളവരുടെ കേസുകള്‍ നടത്തുകയും പലരെയും കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. ഇന്റര്‍നെറ്റ് അടക്കമുള്ള മാധ്യമങ്ങളിലൂടെ അന്വേഷിച്ചാണ് കേസ് നടത്താന്‍ പ്രാപ്തിയുള്ളവരെ സംഘം കണ്ടെത്തുന്നത്. അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് പലപ്പോഴും കേസ് ഏല്‍പ്പിക്കാറുള്ളതെന്നും ആളൂര്‍ പറഞ്ഞു.സൗമ്യ വധക്കേസില്‍ അഡ്വ.ബി.എ.ആളൂര്‍ കേസേറ്റെടുത്തപ്പോള്‍ മുതല്‍ ഗോവിന്ദച്ചാമിക്കു പിന്നിലെ കണ്ണികള്‍ ആരാണെന്നതു അന്വേഷിച്ചുവരികയായിരുന്നു. കോടികള്‍ മുടക്കി വലിയ അഭിഭാഷകരെ നിയമിക്കാന്‍ ഇയാള്‍ക്കു കഴിഞ്ഞതെങ്ങനെയെന്നും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ആദ്യമായാണ് ആളൂര്‍ ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തുന്നത്.