തിരുവനന്തപുരം: സര്‍ക്കാര്‍ കോളേജ് വെബ്സൈറ്റുകളെ ലക്ഷ്യമിട്ട് പാക് – സിറിയന്‍ ഹാക്കര്‍മാര്‍. രണ്ടാഴ്ചക്കിടെ രണ്ട് കോളേജുകളുടെ വെബ്സൈറ്റ് മൂന്നുതവണ തകര്‍ത്തു. തിരുവനന്തപുരത്തെ സര്‍ക്കാര്‍ ലോ കോളേജിന്റെയും തൈക്കാട് പ്രവര്‍ത്തിക്കുന്ന ഗവ.കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്റെയും വെബ്സൈറ്റുകളാണ് തകര്‍ക്കപ്പെട്ടത്.
രണ്ടാഴ്ചക്കിടെ രണ്ടുതവണയാണ് കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്റെ www.gctetvm.com എന്ന വെബ്സൈറ്റിനു നേരെ ആക്രമണമുണ്ടാകുന്നത്. പാക് സൈബര്‍ സ്കള്‍സ് എന്ന പേരിലാണ് ഏറ്റവും പുതിയ ആക്രമണം. ഹാക്ക് ദ വേള്‍ഡ് എന്നും രേഖപ്പെടുത്തിയിരുന്നു.ഓണം അവധിയായിരുന്നതിനാല്‍ ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ സുരേഷ് പറഞ്ഞു. പ്രശ്നം പരിഹരിച്ച് സൈറ്റ് പുന:സ്ഥാപിച്ചെങ്കിലും സൈറ്റിന്റെ ഐക്കണായി ഇപ്പോഴും പാക് പതാകയിലെ ചന്ദ്രക്കലയും നക്ഷത്രവും തന്നെയാണ് കാണിക്കുന്നത്.
രണ്ടാഴ്ച മുമ്ബും സമാന രീതിയില്‍ വെബ്സൈറ്റ് തകര്‍ത്തിരുന്നു. വി ആര് ഫ്രം സിറിയ എന്നായിരുന്നു അന്ന് സൈറ്റില്‍ കണ്ടിരുന്നത്. തുടര്‍ന്ന് കോളേജ് അധികൃതര്‍ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടു. വെബ്സൈറ്റ് രൂപകല്പന ചെയ്തത് സ്വകാര്യ വ്യക്തിയായതിനാല്‍ അത്തരത്തില്‍ ശ്രമിച്ചു നോക്കാനായിരുന്നു മറുപടി. തുടര്‍ന്ന് സൈറ്റ് രൂപകല്പന ചെയ്ത സംഘം തന്നെ രണ്ടുദിവസം കൊണ്ട് പുന:സ്ഥാപിച്ചു.
ലോ കോളേജിന്റെ സൈറ്റ് തകര്‍ത്തതായി ഇന്നലെയാണ് കണ്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈബര്‍ പോലീസ് പ്രശ്നം പരിഹരിക്കുകയായിരുന്നു. പാക് ഹാക്കര്‍മാരാണ് നമ്മുടെ വെബ്സൈറ്റുകള്‍ തകര്‍ക്കുന്നതില്‍ മുന്‍പന്തിയിലെന്ന് കേരള പൊലീസ് സൈബര്‍ ഡോം ഓപ്പറേഷന്‍സ് ഓഫീസര്‍ കെ.അനില്‍കുമാര്‍ പറഞ്ഞു.
സര്‍ക്കാറിന്റെ തന്നെ മിക്ക സ്ഥാപനങ്ങളുടെയും ഡേറ്റാ സെന്റര്‍ സ്വകാര്യ സംവിധാനത്തിലായതിനാല്‍ സൈബര്‍ പോലീസിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകില്ല. അതിവൈദഗ്ദ്ധ്യമൊന്നും ആവശ്യമില്ലാത്ത വിധം ദുര്‍ബലമായ സുരക്ഷ മാത്രമേ ഇത്തരം വെബ്സൈറ്റുകള്ക്കുള്ളൂ എന്നും അനില്‍കുമാര്‍ പറഞ്ഞു.
സര്‍ക്കാര്‍ ഫണ്ടില്ലാത്തതിനാല്‍ പി.ടി.എ ഫണ്ടുപയോഗിച്ചാണ് കോളേജുകളുടെ വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്യാറുള്ളത്. അതിനാല്‍ തന്നെ സുരക്ഷയുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താന്‍ സ്വകാര്യ സംവിധാനങ്ങള്‍ക്ക് കഴിയാതെ പോകുന്നതാണ് ഹാക്കര്‍മാര്‍ക്ക് എളുപ്പവഴിയാകുന്നത്.