തിരുവനന്തപുരം : രോഗികൾക്കു സൗജന്യ മരുന്ന് ലഭ്യമാക്കാൻ നടപടികളുമായി സർക്കാർ. 245 ഇനം മരുന്നുകൾകൂടി സർക്കാർ ആശുപത്രികളിൽനിന്നു സൗജന്യമായി ലഭ്യമാക്കാൻ സർക്കാർ ശ്രമം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിൽ സൗജന്യമായി നൽകുന്ന 590 ഇനം മരുന്നുകൾക്ക് പുറമേയാണിത്. ആദ്യഘട്ടത്തിൽ മെഡിക്കൽ കോളേജുകളിലും രണ്ടാം ഘട്ടമായി ജില്ലാ ജനറലാശുപത്രികളിലുമായിരിക്കും പദ്ധതി നടപ്പിലാക്കുക. 2017 ഓഗസ്റ്റ് അവസാനത്തോടെ മരുന്നുകൾ മെഡിക്കൽ കോളേജ് ആശുപത്രികളിലെത്തിക്കുവാൻ സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്. പദ്ധതിക്കായി 125 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി നടപ്പായാൽ രക്താർബുദം, ഹൃദ്രോഗം, പക്ഷാഘാതം, മൂത്രാശയരോഗങ്ങൾ എന്നിവയ്ക്കുൾപ്പടെയുള്ള മരുന്നുകളും ആന്റിബയോട്ടിക്കുകളും രോഗികൾക്കു സൗജന്യമായി ലഭിക്കും. രോഗികൾ വഹിക്കേണ്ട ചികിൽസാച്ചെലവ് കുറയ്ക്കുക എന്നതാണ് സർക്കാർ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.