സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കോവിഡ് ബാധിതര്‍ക്ക് സ്വന്തം വീടുകളില്‍ താമസിച്ച് ചികിത്സ തേടാം – ജില്ലാ കളക്ടര്‍

36

കാസറഗോഡ് : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പി.സി.ആര്‍, ആന്റിജന്‍ പരിശോധനകളില്‍ പോസിറ്റീവായി കണ്ടെത്തിയിട്ടുള്ളതും എന്നാല്‍ രോഗലക്ഷണമില്ലാത്തവരുമായ സര്‍ക്കാര്‍ അനുവദിക്കുന്ന രോഗികള്‍ക്ക് നിബന്ധനകളോടെ സ്വഭവനങ്ങളില്‍ താമസിച്ച് ചികിത്സ തേടാമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ശരിയായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ടെലി മെഡിസിന്‍ അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കും. രോഗികള്‍ക്ക് സാന്ത്വനം നല്‍കുന്നതിനും രോഗവിവരം അറിയുന്നതിനും നിശ്ചിത ഇടവേളകളില്‍ ബന്ധപ്പെടുന്നതിനുമുള്ള സംവിധാനവും ഒരുക്കും. ഇതിന്റെ ചുമതല ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) നിര്‍വ്വഹിക്കും.

വാര്‍ഡ് തല ജാഗ്രതാസമിതികളുടെ നിരീക്ഷണം ഊര്‍ജിതപ്പെടുത്തണം

കോവിഡ് പോസിറ്റീവ് രോഗികളെ പാര്‍പ്പിക്കുന്ന വീടുകളില്‍ വാര്‍ഡ് തല ജാഗ്രതാസമിതികളുടെ നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കണം. വീട്ടില്‍ ആവശ്യമായ സൗകര്യങ്ങള്‍(പ്രത്യേകം റൂം, ബാത്ത് റൂം സൗകര്യം തുടങ്ങിയവ) ഉണ്ടെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ രോഗികളെ വീടുകളിലേക്ക് വിടുന്നതിന് ജാഗ്രതാ സമിതികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ശുപാര്‍ശ നല്‍കാന്‍ പാടുള്ളൂ.

എല്ലാ മുനിസിപ്പല്‍ ,{ഗാമപഞ്ചായത്തുകളും തനത്പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് കുറഞ്ഞത് 10 ഫിഗര്‍ ടിപ് പള്‍സ് ഓക്‌സിമീറ്ററുകള്‍ വാങ്ങി പുനരുപയോഗ സമ്പ്രദായത്തില്‍, അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ വീടുകളില്‍ കഴിയുന്ന കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ വിതരണം ചെയ്യാന്‍ മുനിസിപ്പല്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. കോവിഡ് രോഗികള്‍ മറ്റുള്ളവരുമായി ബന്ധപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള ശക്തമായ നീരീക്ഷണം ജില്ലയില്‍ പോലീസ് ഏര്‍പ്പെടുത്തും.

നിലവില്‍ രോഗലക്ഷണമുള്ളവരും അല്ലാത്തവരുമായ മുഴുവന്‍ രോഗികളെയും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പാര്‍പ്പിച്ചാണ് ചികിത്സിച്ചു വരുന്നത്. സര്‍ക്കാര്‍ സംവിധാനത്തില്‍ മുഴുവന്‍ രോഗികള്‍ക്കും മെച്ചപ്പെട്ട ചികില്‍സ നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ 21 സി എഫ് എല്‍ ടി സി കളിലായി 4283 രോഗികളെ ചികിത്സിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചു.

ഡോക്ടര്‍മാരുടെ അഭാവത്തില്‍ 10 സി എഫ് എല്‍ ടി സി കളിലായി 1090 ബെഡുകളാണ് പ്രവര്‍ത്തന സജ്ജമായി ട്ടുള്ളത്. കൂടുതല്‍ രോഗികളെ ഒരേ സമയം സി എഫ് എല്‍ ടി സി കളില്‍ പ്രവേശിപ്പിക്കുന്നതിന് പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ തിരുമാനം

NO COMMENTS