സംസ്ഥാനത്തെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളില്‍ 50 ശതമാനം സ്ത്രീകള്‍ക്ക്

183

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളില്‍ 50 ശതമാനം സ്ത്രീകള്‍ക്ക്. ക്വാര്‍ട്ടേഴ്സ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഭേഗദതി ചെയ്ത് ഉത്തരവിറങ്ങി. പ്രതിപക്ഷനേതാവിന്‍റെ പഴ്സണല്‍ സ്റ്റാഫിനും ഇനിമുതല്‍ ക്വാര്‍ട്ടേഴ്സ് ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫിനും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളിലാണു ഭേദഗതി വരുത്തിയത്. പൊതുമരാമത്തു മന്ത്രി ജി.സുധാകരന്‍റെ നിര്‍ദേശാനുസരണമാണു നടപടി. ക്വാര്‍ട്ടേഴ്സുകളില്‍ 50 ശതമാനമാണു സ്ത്രീ ജീവനക്കാര്‍ക്കായി സംവരണം ചെയ്തത്. ദൂരസ്ഥലങ്ങളില്‍ വരുന്ന ജീവനക്കാര്‍ക്കായിരിക്കും ക്വാര്‍ട്ടേഴ്സുകളില്‍ മുന്‍ഗണന.
മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫുകള്‍ക്കു നിലവില്‍ 75 ക്വാര്‍ട്ടേഴ്സുകള്‍ ഉണ്ടായിരുന്നത് 200 ആയി വര്‍ധിപ്പിച്ചു. സ്റ്റാഫില്‍നിന്ന് ഒഴിഞ്ഞാല്‍ ഒരുമാസത്തിനകം ക്വാര്‍ട്ടേഴ്സും ഒഴിയണം. മുന്‍മന്ത്രിമാരുടെ സ്റ്റാഫില്‍ ഉണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ക്വാര്‍ട്ടേഴ്സുകളില്‍ തുടരാനാകില്ല. ഇവര്‍ക്കു ഒഴിഞ്ഞു പോകാന്‍ ഒരുമാസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്.പുതിയ മന്ത്രിമാരുടെ സ്റ്റാഫുകളില്‍ പലര്‍ക്കും ക്വാര്‍ട്ടേഴ്സ് ലഭിക്കാത്തതാണു നടപടിക്രമങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. വിരമിച്ചവര്‍ക്കും സ്ഥലംമാറ്റം ലഭിച്ചവര്‍ക്കും ക്വാര്‍ട്ടേഴ്സ് ഒഴിയാന്‍ നേരത്തേ ആറുമാസത്തെ സാവകാശം ലഭിച്ചിരുന്നു. ഇതു മൂന്നുമാസമായി കുറച്ചിട്ടുണ്ട്. അനധികൃത താമസക്കാര്‍ ഉടന്‍ ഒഴിഞ്ഞില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY