കേരളത്തിലെ കാലിത്തീറ്റ ഉൽപ്പാദനശേഷി ഇരട്ടിയായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ. ഇതിനായി സമഗ്ര പദ്ധതി കളാണ് ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്നത്. ക്ഷീരകർഷകർക്ക് ഇതിലൂടെ ന്യായവിലയ്ക്ക് കാലിത്തീറ്റ ലഭ്യമാക്കാൻ സാധിക്കും. തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് തീറ്റപ്പുൽകൃഷി വിപുലപ്പെടുത്താനും സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നു.
2021- 22 സാമ്പത്തിക വർഷം മുൻവർഷത്തെ അപേക്ഷിച്ച് കാലിത്തീറ്റയുടെ ഉൽപ്പാദനത്തിലും വിൽപ്പനയിലും വിറ്റുവരവിലും വർധനവുണ്ടായിട്ടുണ്ട്. കാലിത്തീറ്റ വില നിയന്ത്രിക്കുന്നതിനായി 2021- 22 സാമ്പത്തിക വർഷം സർക്കാർ മാർക്കറ്റ് ഇന്റർ വെൻഷൻ ഫണ്ട് ഇനത്തിൽ അഞ്ചു കോടി രൂപ അനുവദിച്ചു. 2022- 23 വർഷം 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൂടാതെ ഉൽപ്പാദന ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കാലിത്തീറ്റയുടെ അസംസ്‌കൃതവസ്തുക്കൾ കേരളത്തിൽ തന്നെ ഉൽപ്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കും. കിസാൻ റെയിൽ പദ്ധതി പ്രകാരം കുറഞ്ഞ ചെലവിൽ ചോളം കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതിനുള്ള ശ്രമവും സർക്കാർ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ കാലിത്തീറ്റ ഉൽപ്പാദനത്തിൽ ഗണ്യമായ പങ്കുവഹിക്കുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരളാ ഫീഡ്‌സ് ലിമിറ്റഡ് (കെ.എഫ്.എൽ) ആണ്. കെ.എഫ്.എല്ലിന്റെ തൊടുപുഴ യൂണിറ്റിന്റെ പ്രവർത്തനം പൂർണ്ണ സജ്ജമാകുന്നതോടെ ഉൽപ്പാദനശേഷി ഗണ്യമായി വർധിക്കും.
സംസ്ഥാനത്തെ തീറ്റപ്പുൽകൃഷി വ്യാപിപ്പിക്കുന്നതിനായി കുടുംബശ്രീ യൂണിറ്റുകളുമായി സഹകരിച്ച് തീറ്റപ്പുൽകൃഷി നടപ്പാക്കി വരുന്നു. ഇതിനായി ഒരു ഏക്കർ വീതമുള്ള 500 യൂണിറ്റുകൾ സ്ഥാപിക്കുകയും ഒരു യൂണിറ്റിന് 16,000 രൂപ വീതം ധനസഹായം നൽകുകയും ചെയ്യും. കൂടാതെ ഒരു ഏക്കർ വീതമുള്ള 100 യൂണിറ്റ് മാതൃകാ തീറ്റപ്പുൽ കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന പദ്ധതിയും നടപ്പാക്കി വരുന്നു. ഇതിനായി ഒരു യൂണിറ്റിന് 70,000 രൂപ വരെ ധനസഹായം നൽകും.
ക്ഷീരവികസന വകുപ്പിന്റെ പ്ലാൻ ഫണ്ടിലുൾപ്പെടുത്തി കാലിത്തീറ്റ സബ്‌സിഡി നിരക്കിൽ ക്ഷീരകർഷകർക്ക് വിതരണം ചെയ്യുന്നു. തീറ്റപ്പുൽകൃഷി വികസന പദ്ധതികൾക്കായി രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നശേഷം 7.5 കോടി രൂപ ചെലവഴിച്ച് 2287 ഹെക്ടർ സ്ഥലത്ത് അധികമായി തീറ്റപ്പുൽകൃഷി വ്യാപിപ്പിച്ചു. ഇതുവഴി 3.89 ലക്ഷം മെട്രിക്ക് ടൺ തീറ്റപുൽ അധികമായി ഉൽപ്പാദിപ്പിച്ചു. തീറ്റപ്പുൽകൃഷി മേഖലയിൽ 8858 ക്ഷീരകർഷകർക്ക് ധനസഹായവും നൽകി.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തീറ്റപ്പുൽകൃഷി വിപുലപ്പെടുത്തുന്നതിനുളള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഇതുകൂടാതെ ഇതര തീറ്റ വസ്തുക്കളായ മെയ്‌സ് സൈലേജ് (Maize silage), മെയ്‌സ് ഫോഡർ (Maize fodder) തുടങ്ങിയവ സബ്‌സിഡി നിരക്കിൽ കർഷകർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ മേഖലാ യൂണിയനുകൾ സ്വീകരിച്ചു. മേഖലാ യൂണിയനുകൾ വഴി നല്ലയിനം പച്ചപ്പുൽകൃഷി ചെയ്യുന്നതിനായി സംരംഭകരെ വളർത്തിയെടുക്കുന്നതിനും അവരിൽ നിന്ന് തീറ്റപ്പുല്ല് സംഭരിച്ച് കർഷകർക്ക് സബ്‌സിഡി നിരക്കിൽ നൽകുന്നതിനും വേണ്ടിയുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.