പാപ്പാത്തിച്ചോലയിലെ പുതിയ മരക്കുരിശ് കാണാനില്ല

198

മൂന്നാര്‍: മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ പുതിയ കുരിശ് നീക്കിയ നിലയില്‍. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സ്ഥാപിച്ച കുരിശാണ് നീക്കിയ നിലയില്‍ കണ്ടെത്തിയത്. കുരിശ് സ്ഥാപിച്ചവര്‍ തന്നെ അത് നീക്കിയെന്നാണ് സംശയം. അതേസമയം തിടുക്കത്തില്‍ കുരിശ് നീക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. സര്‍വ്വകക്ഷിയോഗം ചേര്‍ന്ന് പൊതു ധാരണയുണ്ടാക്കിയ ശേഷം മാത്രം മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോയാല്‍ മതിയെന്നാണ് സര്‍ക്കാരിന് ഇടതുമുന്നണി നല്‍കിയ നിര്‍ദ്ദേശം.
ഇന്നലെ വൈകിട്ടാണ് പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് കുരിശു നീക്കം ചെയ്ത് കയ്യേറ്റം ഒഴിപ്പിച്ച സ്ഥലത്താണ് വീണ്ടും കുരിശ് സ്ഥാപിച്ചത്. അഞ്ച് അടി ഉയരുമുള്ള മരക്കുരിശാണ് പുതിയതായി സ്ഥാപിച്ചത്. മരക്കമ്പുകള്‍ കമ്പി കൊണ്ട് കെട്ടിയാണ് കുരിശ് ഉണ്ടാക്കിയിരിക്കുന്നത്. സംഭവം അറിഞ്ഞ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ വൈകുന്നേരത്തോടെ സ്ഥലത്ത് പരിശോധന നടത്തി സംഭവം സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ച വിവരം ഉടുമ്പന്‍ചോല അഡീഷണല്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ടു ചെയ്തു. അഡീഷണല്‍ തഹസില്‍ദാര്‍ ഇക്കാര്യം ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ട്.
ഇവിടെയുണ്ടായിരുന്ന ഭീമന്‍ കുരിശാണ് വ്യാഴാഴ്‌ച റവന്യൂ വകുപ്പ് നീക്കം ചെയ്തത്. ഇതു സംബന്ധിച്ച വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് വീണ്ടും പുതിയ കുരിശ് സ്ഥാപിച്ചത്. മുമ്പ് കുരിശ് സ്ഥാപിച്ചത് സ്‌പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയായിരുന്നു. ഇപ്പോള്‍ കുരിശ് സ്ഥാപിച്ചത് തങ്ങളല്ലെന്ന നിലപാടിലാണിവര്‍.

NO COMMENTS

LEAVE A REPLY