തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമഗ്രവും സുസ്ഥിരവുമായ വികസനം ഉറപ്പുവരുത്തുന്നതിനായി കേരള ടൂറിസം നടപ്പാക്കുന്ന ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 79 കേന്ദ്രങ്ങളും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മികച്ച ടൂറിസം സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ഡയറക്ടര്‍ ശ്രീ. യു.വി. ജോസ് പറഞ്ഞു. ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയുടെ ഭാഗമായി നടന്ന ദ്വിദിന ഉദ്യോഗസ്ഥ പരിശീലന ശില്‍പ്പശാലയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗ്രീന്‍ കാര്‍പറ്റിന്റെ ഭാഗമായി ഹ്രസ്വ-ദീര്‍ഘകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കേണ്ടണ്‍ 111 പദ്ധതികളുടെ കരടുരേഖയ്ക്ക് ശില്‍പ്പശാലയില്‍ രൂപം നല്‍കി. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെ 79 ഡസ്റ്റിനേഷന്‍ മാനേജര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ഡിടിപിസി സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. പ്രഫ. രഘുനന്ദന്‍(ഐആര്‍ടിസി), കിറ്റ്‌സ് പ്രിന്‍സിപ്പല്‍ ഡോ. വി. വിജയകുമാര്‍, പ്രഫ. സരൂപ് റോയ്, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന ഫീല്‍ഡ് കോ ഓര്‍ഡിനേറ്റര്‍ ശ്രീ രൂപേഷ് കുമാര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. ടൂറിസം അഡിഷനല്‍ സെക്രട്ടറി ശ്രീമതി. സരസ്വതി, ശില്‍പശാല കോ ഓര്‍ഡിനേറ്റര്‍ ശ്രീ വി. മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു.