കാസറഗോഡ് : മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഹരിതകേരളം മിഷന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ലയില്‍ നടത്തിയത്. ഇതിന്റെ ഭാഗമായി ജലസുരക്ഷ ഉറപ്പുവരുത്താന്‍ നടപ്പിലാക്കിയ തടയണ മഹോത്സവം 2021 ലും ആദ്യം തന്നെ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.ഹരിത കേരളം മിഷന്‍ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മിഷന്‍ ജില്ലയില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെയും ബദല്‍ ഉത്പന്നങ്ങളുടെയും പ്രദര്‍ശനോദ്ഘാടനം കളക്ടറേറ്റ് വളപ്പില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലസുരക്ഷയിലൂടെ ഭക്ഷ്യ സുരക്ഷയും ഭക്ഷ്യസുരക്ഷയിലൂടെ സാമൂഹ്യ,-സാമ്പത്തിക സുരക്ഷയും അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തന ങ്ങളാണ് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടപ്പിലാക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.
ജില്ലാ ശുചിത്വമിഷന്‍ തയ്യാറാക്കിയ തെരഞ്ഞെടുത്ത പ്രാദേശിക സര്‍ക്കാരുകളുടെ ശുചിത്വ പെരുമ 2020-21 എന്ന കൈപുസ്തകം കളക്ടര്‍ ഹരിതകേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എം പി സുബ്രഹ്‌മണ്യന് നല്‍കി പ്രകാശനം ചെയ്തു. ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ ലക്ഷ്മി,അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ വി പ്രേമരാജന്‍, എഡിസി ജനറല്‍ ബെബിന്‍ ജോണ്‍ വര്‍ഗീസ്, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍, പി എ യു പ്രോജക്ട് ഡയരക്ടര്‍ കെ പ്രദീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഹരിത കേരളം മിഷന്‍ ജില്ലയില്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളുടെ പടങ്ങളും പത്രകട്ടിങ്ങുകളും ബദല്‍ ഉത്പന്നങ്ങളും ആണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. കമുകിന്‍ പാളയില്‍ തീര്‍ത്ത പാത്രങ്ങളും തവികളും തൊപ്പികളും ചിരട്ടയില്‍ തീര്‍ത്ത വിളക്കുകളും പൂചട്ടികളുമായിരുന്നു മേളയിലെ മുഖ്യ ആകര്‍ഷണം.