ജി എസ് ടി നിലവില്‍ വന്നു ; രാജ്യത്തിന് ഇത് ചരിത്ര നിമിഷം,എക്കാലത്തേയും വലിയ നികുതി പരിഷ്ക്കരണം

275

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം രാജ്യത്തിന്റെ ചരിത്രത്തില്‍ഡ ഏറ്റവും വലിയ നികുതി സമ്പ്രദായം, ചരക്ക് സേവന നികുതി (ജിഎസ്ടി) രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. 14 വര്‍ഷത്തെ യാത്രയുടെ ശുഭാന്ത്യമെന്ന് രാഷ്ട്രപതി പറഞ്ഞു. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിനെക്കാള്‍ അനുയോജ്യമായ മറ്റൊരു സ്ഥലം ജിഎസ്ടി ഉദ്ഘാടനത്തിനില്ല എന്നും അദ്ദേഹം വിശേഷിപ്പിച്ചു. എന്‍ഡിഎ സര്‍ക്കാരിന്റെ മാത്രം നേട്ടമല്ല ജിഎസ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യനിര്‍മാണത്തിലേയ്ക്കുള്ള വലിയ ചുവടുവെയ്പ്പാണിത്. രാജ്യത്തിന്റെ മുന്നോട്ടുള്ള വഴി നമ്മള്‍ ഈ അര്‍ധരാത്രി തീരുമാനിക്കുകയാണ്. ചരക്ക് സേവന നികുതി ഉദ്ഘാടനം ചെയ്യാനുള്ള പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി രാജ്യത്തിന്റെ വിപണിയിലെ അസമത്വങ്ങള്‍ ഇല്ലാതാക്കും. നിര്‍ധനരിലേക്ക് പ്രയോജനങ്ങള്‍ ഫലപ്രദമായി എത്തിക്കും. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും ഇരുകൈകളും നീട്ടി ജിഎസ്ടിയെ സ്വാഗതം ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജിഎസ്ടി രാജ്യത്തിന് തന്നെ നേട്ടമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് ജിഎസ്ടിയായിരിക്കും. അതേസമയം ദുര്‍ബല വിഭാഗങ്ങള്‍ക്കുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കില്ല എന്നും ധനമന്ത്രി വ്യക്തമാക്കി. വര്‍ണവെളിച്ചത്താല്‍ അണിയിച്ചൊരുക്കിയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിലാണ് സമ്മേളനം നടക്കുന്നത്. രാത്രി 11-ന് സമ്മേളനം ആരംഭിച്ച്‌ 12-ന് സമാപിക്കുകയും തുടര്‍ന്ന് ജിഎസ്ടി പ്രഖ്യാപനം നടത്തുകയും ചെയ്യും. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ബഹിഷ്കരിച്ചു. ഇടത് എംപിമാരും സമ്മേളനത്തില്‍ നിന്നു വിട്ടുനിന്നു.

NO COMMENTS