ന്യൂഡല്‍ഹി : 177 ഉത്പന്നങ്ങളുടെ ജിഎസ്ടി കുറക്കാന്‍ ഗുവാഹത്തില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ജിഎസ്ടിയുടെ ഏറ്റവും കൂടിയ നിരക്കായ 28 ശതമാനം ഉണ്ടായിരുന്ന ഉത്പന്നങ്ങള്‍ക്കാണ് കുറവ് വരുന്നതെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി പറഞ്ഞു. 28 ശതമാനം നികുതി ഈടാക്കേണ്ട ഉത്പന്നങ്ങളുടെ എണ്ണം 277ല്‍ നിന്ന് 50 ആയി നിജപ്പെടുത്താന്‍ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഎസ്ടി കൗണ്‍സിലിന്റെ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടൂത്ത് പേസ്റ്റ്, ഷാംപു, ചോക്ലേറ്റ്, ആഫ്റ്റര്‍ ഷേവ് ലോഷന്‍, ചൂയിംഗ് ഗം, ഡിറ്റര്‍ജന്റ്, വാഷിംഗ് പൗഡര്‍, മാര്‍ബിള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ ജിഎസ്ടിയാണ് 28ല്‍ നിന്നും 18ശതമാനമായി കുറച്ചിരിക്കുന്നത്. ഉത്പന്നങ്ങളുടെ കൂടിയ ജിഎസ്ടി ഏറെ പരാതികള്‍ സൃഷ്ടിച്ച സാഹചര്യത്തിലാണ് ഇളവുകള്‍ വരുത്തിയത്. അതേസമയം, സിഗരറ്റ്, വാഷിംഗ് മെഷീന്‍, എയര്‍ കണ്ടീഷണര്‍, സിമന്റ്, പെയിന്റ് എന്നിവയുടെ ജിഎസ്ടി 28 ശതമാനമായി തുടരും.
കോണ്‍ഗ്രസ് ഭരണത്തിലുള്ള കര്‍ണാടക, പഞ്ചാബ് കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരി എന്നിവിടങ്ങളിലെ പ്രതിനിധികള്‍ ജിഎസ്ടി ഘടനയില്‍ സമൂല മാറ്റം വേണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തെ പിന്തുണച്ച് ഡല്‍ഹിയും മറ്റ് ചില സംസ്ഥാനങ്ങളിലെ പ്രതിനിധികളും രംഗത്തെത്തിയിരുന്നു. മാത്രമല്ല, പ്രതിപക്ഷവും ജിഎസ്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് അഴിച്ചുവിട്ടത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പര്യടനത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജിഎസ്ടിയെ ഗബ്ബര്‍ സിംഗ് ടാക്സ് എന്ന് വിളിച്ച് പരിഹസിച്ചിരുന്നു.