ജിഎസ്ടിക്ക് കുറ്റവും കുറവുകളുമുണ്ട് – കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍.

129

ദില്ലി: പാര്‍ലമെന്റിലെയും സംസ്ഥാന അസംബ്ലികളിലെയും നിരവധി പാര്‍ട്ടികള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുകയും ആക്റ്റ് കൊണ്ടുവരികയും ചെയ്തു. എന്നാൽ ചരക്ക് സേവനനികുതിയില്‍ കുറവുകളുണ്ടെന്നും രാജ്യത്തിന്റെ നിയമമായി മാറിയതിനാല്‍ നമുക്ക് കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍.

പാര്‍ലമെന്റിലും എല്ലാ സംസ്ഥാന നിയമസഭയിലും ബില്‍ ഇതിനോടകം പാസ്സാക്കി കഴിഞ്ഞു. ജിഎസ്ടിക്ക് അതിന്റേതായ കുറ്റവും കുറവുകളുമുണ്ട്. ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പക്ഷേ ഇപ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. രാജ്യത്തെ നിയമം ആണത്. എല്ലാവരും ഒരുമിച്ച്‌ ചേര്‍ന്ന് പ്രവര്‍ത്തിച്ച്‌ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മെച്ചപ്പെട്ട ജിഎസ്ടി ചട്ടക്കൂട് ഉണ്ടാക്കാമെന്ന് ഉറപ്പു നല്‍കുന്നതായി ധനമന്ത്രി പറഞ്ഞു. പാര്‍ലമെന്റും എല്ലാ സംസ്ഥാന അസംബ്ലികളും പാസാക്കിയ നിയമത്തെ അപമാനിക്കരുതെന്ന് നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു.

പരോക്ഷനികുതിയിലെ ഏറ്റവും വലിയ പരിഷ്‌കാരമായി കണക്കാക്കപ്പെടുന്ന ചരക്ക് സേവന നികുതി, ഫെഡറല്‍ മുതല്‍ പ്രാദേശിക സര്‍ക്കാര്‍ തലങ്ങള്‍ വരെയുള്ള നിരവധി ലെവികള്‍ ഒഴിവാക്കുന്നു. 2017 ജൂലൈ മുതലാണ് രാജ്യത്ത് ഇത് പ്രാബല്യത്തില്‍ വന്നത്. നിങ്ങളുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് നിങ്ങള്‍ ഇത് പറയുന്നതെന്ന് എനിക്കറിയാം, പക്ഷേ പെട്ടെന്ന് ഇതൊഴിവാക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യവസായങ്ങളില്‍ നിന്നുള്ളവരുമായും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുമായും കമ്പനി സെക്രട്ടറിമാരുമായും സാമ്ബത്തിക മേഖലയിലെ നിരവധി പങ്കാളികളുമായും സംവദിക്കവെയാണ് മന്ത്രിയുടെ മറുപടി. ചില മേഖലകളിലെ ജിഎസ്ടി ശേഖരണം വേണ്ടത്ര ശക്തമല്ലെന്നും മന്ത്രി പറഞ്ഞു. മഹാരാഷ്ട്ര, കര്‍ണാടക, ഹിമാചല്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ വിവിധ ജില്ലകളില്‍ വെള്ളപ്പൊക്കമുണ്ടായതായും ഈ പ്രദേശങ്ങളില്‍ നിന്ന് റിട്ടേണ്‍ സമര്‍പ്പിക്കുന്നത് മാറ്റിവയ്ക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS