സിനിമാ മേഖലയിൽ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമം നടപ്പിലാക്കുന്നതിന് തടസമായി നിൽക്കുന്ന കാര്യങ്ങൾ പരിഹരിക്കാൻ വനിത ശിശുവികസന വകുപ്പ് മാർഗനിർദേശം പുറത്തിറക്കാൻ തീരുമാനിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് വകുപ്പ് മന്ത്രി വീണാ ജോർജ്. മാർഗനിർദേശങ്ങളുടെ ഡ്രാഫ്റ്റ് സാംസ്‌കാരിക വകുപ്പും നിയമ വകുപ്പും പരിശോധിക്കും. സിനിമയിലെ പ്രീ പ്രൊഡക്ഷൻ, ഷൂട്ടിംഗ്, പോസ്റ്റ് പ്രൊഡക്ഷൻ തുടങ്ങിയ എല്ലാ സമയത്തും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതായിരിക്കും മാർഗനിർദേശമെന്നും മന്ത്രി പറഞ്ഞു.
വനിത ദിനത്തിന് മുന്നോടിയായി കേരള വനിത ശിശുവികസന വകുപ്പും വനിത വികസന കോർപ്പറേഷനും സംയുക്തമായി ലേബർ കോഡ് നിർദേശങ്ങൾ വനിത സിനിമ പ്രവർത്തകരെ എങ്ങനെ ബാധിക്കും എന്ന വിഷയത്തെക്കുറിച്ച് സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ക്യാമറയ്ക്ക് മുന്നിലാണെങ്കിലും പുറകിലാണെങ്കിലും സ്ത്രീകളുടെ സാന്നിധ്യം വർധിപ്പിക്കുക എന്നത് ശാക്തീകരണത്തിൽ പ്രധാനമാണ്. അതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. ഓരോ സ്ത്രീയ്ക്കും ആത്മാഭിമാനത്തോടെ ജീവിക്കാനാവ ശ്യമായ സാഹചര്യം ഉണ്ടാകണം. സർക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാ ഇടപടലുകളും ഉണ്ടാകും.
മാർച്ച് എട്ട്, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നിരവധി പരിപാടികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. മാർച്ച് എട്ടിനുള്ളിൽ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഫയലുകൾ തീർപ്പാക്കും. ഇതിനായി പ്രത്യേക യജ്ഞം 25ന് നടത്തും. സാമ്പത്തികമായി ശാക്തീകരിക്കുക എന്നതാണ് വനിത വികസന കോർപറേഷന്റെ ലക്ഷ്യം. ഏറ്റവും കുറഞ്ഞ പലിശയ്ക്കാണ് ലോൺ നൽകുന്നത്. ഇതോടൊപ്പം വിദഗ്ധ പരിശീലനവും നൽകുന്നു.
സിനിമ മേഖലയെ, കൂടുതൽ വനിതകൾ ജോലിചെയ്യുന്നതും മെച്ചപ്പെട്ടതും ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ മേഖലയാക്കി മാറ്റുന്നതിന് ഈ ശില്പശാല തുടക്കം കുറിയ്ക്കുമെന്ന് പ്രത്യാശിക്കുന്നതായി മന്ത്രി വ്യക്തമാക്കി.
മസ്‌കറ്റ് ഹോട്ടലിൽ നടന്ന പരിപാടിയിൽ വനിത വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി റോസക്കുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തെന്നിന്ത്യൻ സിനിമാതാരം അമല അക്കിനേനി മുഖ്യാതിഥിയായി പങ്കെടുത്തു.
പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതം ആശംസിച്ചു. വിവിധ ചലച്ചിത്ര സംഘടനകളെ പ്രതിനിധീകരിച്ച് ബീനാ പോൾ (ഡബ്ല്യു.സി.സി), എം. രഞ്ജിത്ത് (പ്രസിഡന്റ്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ), ജി.എസ്. വിജയൻ (വൈസ് പ്രസിഡന്റ് ഫെഫ്ക), സജിൻ ലാൽ (മാക്ട), എം. കൃഷ്ണകുമാർ (കിരീടം ഉണ്ണി, കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ), മാലാ പാർവ്വതി (അമ്മ ഐസിസി മെമ്പർ) എന്നിവർ സംസാരിച്ചു. വനിതാ വികസന കോർപ്പറേഷൻ എംഡി വി.സി ബിന്ദു നന്ദി പറഞ്ഞു.