ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഏപ്രില്‍ 14ന് സുപ്രീം കോടതി പരിഗണിക്കും .

115

ഗാന്ധിനഗര്‍: 2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി ഏപ്രില്‍ 14ന് പരിഗണിക്കുന്നത്. കലാപക്കേസില്‍ അന്നത്തെ ഗുജറാ ത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ചോദ്യം ചെയ്താണ് ഹര്‍ജി .

2012 ഫെബ്രുവരി എട്ടിനാണ് പ്രത്യേക അന്വേഷണ സംഘം മോദിയും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 63 പേര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് ചോദ്യം ചെയ്ത് സാകിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ 2018ലാണ് സാകിയ സുപ്രീം കോടതിയെ സമീപി ക്കുന്നത്.

ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് കേസില്‍ വാദം കേള്‍ക്കും. അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ ഇഹ്‌സാന്‍ ജഫ്രി ഉള്‍പ്പെടെ 69 പേരാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീട്ടിലാണ് അയല്‍വാസികള്‍ അഭയം തേടിയത്. എന്നാല്‍ അഭയം തേടിയ എല്ലാവരെയും അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു. ഗോധ്ര ട്രെയിന്‍ തീവെയ്പ്പിനും 59 കര്‍സേവകര്‍ കൊല്ലപ്പെട്ടതിനും പിന്നാലെയായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്.

NO COMMENTS