ന്യൂഡല്‍ഹി : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ വിജയം നേടുമെന്ന് അഭിപ്രായ സര്‍വേ. 182 അംഗ സഭയില്‍ ബി.ജെ.പിയ്ക്ക് 110 മുതല്‍ 125 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് ഇന്ത്യ ടുഡേ-ആകിസ് മൈ ഇന്ത്യ സര്‍വേ പറയുന്നു. ദളിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവനി, ഓ.ബി.സി നേതാവ് അല്‍പേഷ് താക്കൂര്‍ എന്നിവരുമായുള്ള സഖ്യത്തിലൂടെ കോണ്‍ഗ്രസിന് 57 മുതല്‍ 65 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ പറയുന്നു. പട്ടിദാര്‍ നേതാവായ ഹാര്‍ദിക് പട്ടേലിന്റെ പിന്തുണ കൂടി ലഭിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന് 62 മുതല്‍ 71 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും സര്‍വേ പ്രവചിക്കുന്നു. 182 സീറ്റില്‍ 150 സീറ്റില്‍ വിജയിക്കുകയാണ് ലക്ഷ്യമെന്നു ബി.ജെ.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്ക് ആം ആദ്മി പാര്‍ട്ടി 11 പേരുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ശങ്കര്‍സിംഗ് വഗേലയുടെ പിന്തുണയുള്ള ജന്‍ വികല്‍പിന് പൂജ്യം മുതല്‍ 3 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും സര്‍വേയിലുണ്ട്. ബി.ജെ.പിയ്ക്ക് 48 ശതമാനം വോട്ടുകള്‍ ലഭിക്കും. 38 നും 40 ശതമാനത്തിനും ഇടയിലാകും കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം.