ഗുരുവായൂര്‍ ക്ഷേത്രവികസനം; കടമുറികളൊഴിപ്പിക്കാന്‍ ഉത്തരവ്

237

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര വികസനത്തിനായി ദേവസ്വം ഉടമസ്ഥതയിലുള്ള മുപ്പത് കടമുറികൾ ഒഴിപ്പിക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കളക്ടറുടെ നടപടി. മൂന്ന് ദിവസത്തിനകം മുറികൾ ഒഴിപ്പിക്കാനാണ് നിര്‍ദ്ദേശം.
വര്‍ഷങ്ങൾ നീണ്ട കോടതി വ്യവഹാരങ്ങൾക്ക് ശേഷമാണ് ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ പ്രവര്‍ത്തിക്കുന്ന 30 കടമുറികൾ ഒഴിയാൻ തൃശൂര്‍ ജില്ലാ കളക്ടര്‍ വി. രതീശൻ ഉത്തരവിട്ടിരിക്കുന്നത്. 1978 ഗുരുവായൂര്‍ ദേവസ്വം ആക്ടിലെ 28ആം വകുപ്പ് പ്രകാരമാണ് കളക്ടറുടെ ഉത്തരവ്. മൂന്ന് ദിവസത്തിനകം മുറികൾ ഏറ്റെടുത്ത് ദേവസ്വത്തിന്‍റെ അധീനതയിലാക്കണമെന്ന് ഉത്തരവിൽ പറയുന്നു.
ഹൈക്കോടതിയിൽ നിന്നുണ്ടായ രണ്ട് വിധികളെ തുടര്‍ന്ന് കളക്ടര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി. ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ സ്വകാര്യ വ്യക്തികൾ നടത്തുന്ന കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് ഒരു വര്‍ഷം മുമ്പ് റദ്ദാക്കിയിരുന്നു. ഗുരുവായൂരിലെത്തുന്ന ഭക്തര്‍ക്കായി ക്യൂ കോംപ്ലക്സ് നിര്‍മ്മിക്കാൻ കടമുറികൾ ഒഴിപ്പിക്കാൻ ദേവസ്വം തീരുമാനിച്ചതാണ് പ്രശ്നങ്ങളിലെക്കും കോടതി വ്യവഹാരങ്ങൾക്കും വഴിവച്ചത്. കച്ചവടക്കാരെ പുനരധിവസിപ്പിക്കാമെന്നും ദേവസ്വം ഉറപ്പ് നൽകിയിരുന്നു. ഇത് കച്ചവടക്കാര്‍ തള്ളിയതോടെയാണ് ദേവസ്വം കോടതിയെ സമീപിച്ചത്.

NO COMMENTS

LEAVE A REPLY